യൂറോപ്യൻ എൻഡുറൻസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ച നടൻ അജിത്തിനെ ഉദയനിധി സ്റ്റാലിൻ അഭിനന്ദിച്ചു. അതേസമയം, കരൂർ റാലി ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
യൂറോപ്യൻ എൻഡുറൻസ് ചാമ്പ്യൻഷിപ്പ് സീരീസിൽ വിജയം കരസ്ഥമാക്കിയ അജിത്തിന് അഭിനന്ദനങ്ങളുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ രംഗത്ത്. എക്‌സിലൂടെയായിരുന്നു ഉദയനിധി ആശംസകൾ അറിയിച്ചത്. സുഹൃത്തായ അജിത്ത് സാറിന് ഇനിയും വിജയങ്ങൾ കരസ്ഥമാക്കാൻ കഴിയട്ടെ എന്നായിരുന്നു ഉദയനിധിയുടെ ആശംസ. അതേസമയം വിജയ് വിവാദം കത്തി നിൽക്കുന്ന സമയത്ത് ഇത്തരമൊരു പോസ്റ്റ് ഇട്ടതിന് പിന്നാലെ എക്‌സിലെ ചില വിജയ് ആരാധകരും ടിവികെ പ്രവർത്തകരും ഉദയനിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
"നടനും സുഹൃത്തുമായ അജിത് കുമാർ സാറിന്റെ റേസിംഗ് ടീം 2025ലെ ക്രെവെന്റിക് 24H യൂറോപ്യൻ എൻഡുറൻസ് ചാമ്പ്യൻഷിപ്പ് സീരീസിൽ P3 സ്ഥാനവും നേടി എന്ന വിവരം അഭിമാനത്തോടെ കാണുന്നു.ഇന്റർനാഷണൽ റേസിംഗ് മൈതാനത്തിൽ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിമാനം കാത്തുസൂക്ഷിച്ച അജിത്ത് സാറിനും ടീമിനും അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് തുടർച്ചയായ വിജയങ്ങളും , ട്രാക്കിൽ കൂടുതൽ ടൈറ്റിലുകൾ നേടാൻ കഴിയട്ടെ എന്നും ഞാൻ ആശംസിക്കുന്നു." ഉദയനിധി സ്റ്റാലിൻ എക്‌സിൽ കുറിച്ചു.
അതേസമയം കരൂർ റാലി ദുരന്തം അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിൽ പറയുന്നു. സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനും വിജയ്‌ക്കും എതിരെ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ കോടതി, ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകി പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിക്കുകയായിരുന്നു.
എസ്ഐടിക്ക് പ്രത്യേക നിർദ്ദേശങ്ങൾ
അന്വേഷണ പുരോഗതിയിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി എസ്ഐടി രൂപീകരിക്കാൻ ഉത്തരവിട്ടത്. വിജയ്‌യുടെ കാരവാൻ ഉടൻ പിടിച്ചെടുക്കണം, കാരവാനിനുള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണം, ദുരന്തസ്ഥലത്ത് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണം, കരൂർ എസ്ഐയുടെ കൈവശമുള്ള എല്ലാ രേഖകളും എസ്ഐടിക്ക് കൈമാറണം, സംഘത്തിൽ രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം, അന്വേഷണച്ചുമതലയുള്ള അശ്ര ഗർഗിന് ഇഷ്ടമുള്ള ഉദ്യോഗസ്ഥരെയും സംഘത്തിൽ ഉൾപ്പെടുത്താം തുടങ്ങിയ പ്രധാന നിർദ്ദേശങ്ങളാണ് എസ്ഐടിക്ക് കോടതി നൽകിയത്.
തമിഴ്‌നാട് സർക്കാരിന് വിമർശനം
നിലവിലെ അന്വേഷണം സ്വതന്ത്രമാണെന്ന് അഭിപ്രായമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരുടെ പട്ടിക നൽകാൻ സർക്കാർ മടി കാണിച്ചതായും വിമർശനമുയർന്നു. നിർബന്ധിച്ചപ്പോൾ ലാഘവത്തോടെയാണ് ഒരു പട്ടിക നൽകിയത്. സർക്കാരിന്റെ ഈ നിലപാട് നിരാശാജനകമാണ് എന്നും കോടതി രേഖപ്പെടുത്തി. ഒടുവിൽ, ഹൈക്കോടതി അഡീഷണൽ രജിസ്ട്രാർ ജനറലിൽ നിന്നാണ് കോടതി അന്വേഷണത്തിനായി ഉദ്യോഗസ്ഥരുടെ പട്ടിക സ്വീകരിച്ചത്.


