എഡിറ്റർ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'ഉന്മാദ'ത്തിൽ കുഞ്ചാക്കോ ബോബനും ലിജോമോളും പ്രധാന വേഷങ്ങളിലെത്തുന്നു. ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രം, ഒരു പോലീസ് കോൺസ്റ്റബിൾ പഴയൊരു കേസ് പുനരന്വേഷിക്കുന്ന നിഗൂഢത നിറഞ്ഞ കഥയാണ് പറയുന്നത്.

ഭാര്യാഭർത്താക്കന്മാരായി കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും എത്തുന്ന 'ഉന്മാദം' ടീസർ പുറത്ത്. പുതുമയുള്ളൊരു പോലീസ് കഥയാണെന്നാണ് ടീസർ സൂചന നൽകുന്നത്. ഒരു കേസ് ഫയലിനെ ചുറ്റിപറ്റിയാണ് കഥ മുന്നേറുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്. ഒട്ടേറെ അഭിനയമുഹൂർത്തങ്ങളുമായി ഏറെ പ്രതീക്ഷ പകരുന്നതാണ് ടീസര്‍.

Add Asianetnews as a Preferred SourcegooglePreferred

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ 'ഉന്മാദം' മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്നതാണ്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു പോലീസ് കോൺസ്റ്റബിൾ, അമാനുഷിക സ്വഭാവമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനരന്വേഷിക്കുന്നതും അന്വേഷണം പുരോഗമിക്കുന്തോറും നിഗൂഢതകൾ വർദ്ധിക്കുകയും, യാഥാർത്ഥ്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോവുകയും ചെയ്യുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.

ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.

മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

YouTube video player

ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.

YouTube video player