രജനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന വിനായകന്‍. 

തെന്നിന്ത്യൻ സിനിമാ ലോകത്ത് 'ജയിലർ' ആവേശം കൊടുമ്പിരി കൊള്ളുന്നതിനിടെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ ആണെന്നും പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു മന്ത്രി സിനിമയെ പറ്റി കുറിച്ചത്. 

"ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ..", എന്നാണ് വി ശിവൻകുട്ടി കുറിച്ചത്. ഒപ്പം ജയിലറിൽ രജനികാന്തും വിനായകനും നേർക്കുനേർ വരുന്നൊരു ഫോട്ടോയും അദ്ദഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. വിനായകനെ പുകഴ്ത്തി കൊണ്ടുള്ളതാണ് ഭൂരിഭാഗം കമന്‍റും. 

രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ജയിലറില്‍ വര്‍മ്മ എന്ന പ്രതിനായ വേഷത്തില്‍ ആണ് വിനായകന്‍ എത്തിയത്. ക്രൂരനായ വില്ലനൊപ്പം തന്നെ അദ്ദേഹത്തിന്‍റെ കോമഡിക്കും കയ്യടി ഏറെയാണ്. മുത്തുവേല്‍ പാണ്ഡ്യനൊപ്പം കട്ടയ്ക്ക് നിന്ന വര്‍മ്മയാണ് സമീപകാലത്തെ ഏറ്റവും മികച്ച വില്ലന്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. 

ആദ്യം ഈ പ്രതിനായക വേഷത്തിനായി തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആണെന്നുള്ള പ്രചാരണങ്ങള്‍ നടന്നിരുന്നു. ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് പറഞ്ഞ ചില കാര്യങ്ങളായിരുന്നു ഇതിന് കാരണം. എന്നാല്‍ പലകാരണങ്ങളാലും മമ്മൂട്ടിയ്ക്ക് ജയിലറില്‍ ഭാഗമാകാന്‍ സാധിച്ചില്ല. പിന്നെയാണ് വിനായകനിലേക്ക് സംവിധായകന്‍ നെല്‍സണ്‍ എത്തുന്നത്. 

'നെൽസാ എന്നടാ സെഞ്ച് വച്ചിരിക്കേ..'; ജയിലറിന് അഭിനന്ദനവുമായി സ്റ്റാലിൻ, പിന്നാലെ മറുപടി

"ഒരു മലയാളം കഥാപാത്രമായാണ് ഞാൻ വില്ലനെ ഡിസൈൻ ചെയ്തത്. വിനായകന്റെ ടെലിവിഷൻ അഭിമുഖം കണ്ടപ്പോൾ അദ്ദേഹത്തിന്റെ രൂപവും പ്രസരിപ്പും ആ വേഷത്തിന് അനുയോജ്യമാണെന്ന് തോന്നി", എന്നാണ് നെല്‍സണ്‍ മുന്‍പ് പറഞ്ഞത്. എന്തായാലും മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്കും ജയിലറിനും ഒപ്പം തന്നെ വിനായകനെയും പ്രേക്ഷകര്‍ കൊണ്ടാടുകയാണ്. അതേസമയം, ബോക്സ് ഓഫീസുകളില്‍ റെക്കോര്‍ഡുകള്‍ മറികടക്കാനുള്ള കുതിപ്പിലാണ് ജയിലര്‍ ഇപ്പോള്‍. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..