സോഷ്യൽ മീഡിയ താരങ്ങൾ ഒന്നിച്ച 'വാഴ 2' എന്ന പുതിയ ചിത്രം തിയേറ്ററുകളിൽ വിജയം നേടുന്നു. വർഷങ്ങളായി ചിരിപ്പിച്ച, പടക്കം പൊട്ടിക്കുന്ന ഒരാളുടെ വൈറൽ വീഡിയോയുടെ പുനരാവിഷ്കാരം ശ്രദ്ധേയമാകുന്നു.
ചില സിനിമകൾ അങ്ങനെയാണ്, ഒട്ടും പ്രതീക്ഷിക്കാതെ പ്രേക്ഷകർ അങ്ങ് ഏറ്റെടുക്കും. അത് താരങ്ങളുടെ മൂല്യം വച്ചല്ല, മറിച്ച് നല്ല സിനിമ എന്ന മൂല്യം കൊണ്ട്. അത്തരത്തിലൊരു സിനിമ കഴിഞ്ഞ ദിവസം തിയറ്ററിൽ എത്തിയിരിക്കുകയാണ്. വാഴ 2. സോഷ്യൽ മീഡിയ താരങ്ങൾ ഒന്നിച്ചെത്തി കളറാക്കിയ ചിത്രം ഇപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബോക്സ് ഓഫീസിൽ അടക്കം വാഴ 2 മിന്നും വിജയം നേടുന്നുണ്ട്. സിനിമ തിയറ്ററിൽ മുന്നേറുന്നതിനിടെ അതിലെ ചില രംഗങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അക്കൂട്ടത്തിലൊരു രംഗം ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ തൊട്ടിരിക്കുകയാണ്.
വർഷങ്ങൾക്ക് മുൻപൊരു വിഷുദിനത്തിൽ പുറത്തുവന്നൊരു വീഡിയോ ഉണ്ട്. ഗേറ്റിൽ വച്ച് പടക്കം കത്തിക്കാൻ പോകുന്നൊരു വ്യക്തിയുടേതാണ് വീഡിയോ. ഇയാൾ തിരി കൊളുത്താൻ പേടിക്കുന്നതും ഒടുവിൽ തീ കത്തി, പടക്കം പൊട്ടുമ്പോൾ പേടിച്ച് ഓടുമ്പോൾ വീഴുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഓരോ വിഷു വന്നിട്ടും ഈ വീഡിയോ തന്നെയാകും എപ്പോഴും സോഷ്യൽ മീഡിയയിൽ നിറയുക. വലിയ ചിരി പടർത്തുകയും ചെയ്യും. എന്നാൽ വാഴ 2 കണ്ടതിന് ശേഷം ആരും ഈ വീഡിയോ കണ്ട് ചിരിക്കില്ലെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
ഈ വൈറൽ വീഡിയോ വാഴ 2ൽ റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. ബിജുക്കുട്ടനാണ് ആ വേഷം ചെയ്തത്. അയാൾ വീഴുമ്പോൾ മകൻ സങ്കടപ്പെടുന്ന രംഗങ്ങളും ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതായത് ആ വീഡിയോയുടെ മറു സൈഡ് പ്രേക്ഷകർക്ക് മുന്നിൽ അണിയറപ്രവർത്തകർ എത്തിച്ചു എന്നുള്ളതാണ്. അത് വിജയിക്കുകയും ചെയ്തു. ആ രംഗം തിയറ്ററിൽ കാണ്ടപ്പോൾ പലരുടേയും കണ്ണുകൾ നിറഞ്ഞു. ഇനി ഒരിക്കലും ആ വീഡിയോ കണ്ട് ചിരിക്കില്ലെന്നും ഇവർ ഒന്നടങ്കം പറയുന്നുണ്ട്. ഒപ്പം ബിജുക്കുട്ടന്റെ വേഷത്തെ പ്രശംസിക്കുന്നവരും ധാരാളമാണ്.
അതേസമയം, വാഴ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ വാഴ 2 ഏപ്രിൽ 2ന് ആയിരുന്നു തിയറ്ററിൽ എത്തിയത്. നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് വിപിൻ ദാസ് ആണ്. ആദ്യ ദിവസം തന്നെ അഞ്ച് കോടിക്ക് മുകളിലാണ് വാഴ 2 നേടിയിരിക്കുന്ന കളക്ഷൻ. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനമാണ് സിനിമയെ മുന്നോട്ട കൊണ്ടുപേയിരിക്കുന്നതെന്ന് നിസംശയം പറയാം. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം എന്നിവരും അഭിനയിച്ചിട്ടുണ്ട്.



