വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവും

നടി വരലക്ഷ്മി ശരത്‍കുമാര്‍ വിവാഹിതയാവുന്നു. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കൊളായ് സച്ച്ദേവ് ആണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ മുംബൈയില്‍ നടന്നു. ഇതിന്‍റെ ചിത്രങ്ങള്‍ വരലക്ഷ്മി തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഐവറി നിറത്തിലുള്ള സില്‍ക്ക് സാരിയിലാണ് ചിത്രങ്ങളില്‍ വരലക്ഷ്മി. വെളുത്ത ഷര്‍ട്ടും മുണ്ടുമാണ് നിക്കൊളായ്‍യുടെ വേഷം. സന്തോഷഭരിതരായ ശരത്കുമാറിനെയും രാധികയെയും ചിത്രങ്ങളില്‍ കാണാം. കഴിഞ്ഞ 14 വര്‍ഷമായി പരസ്പരം അറിയാവുന്നവരാണ് വരലക്ഷ്മിയും നിക്കൊളായ്‍യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്ന് അറിയുന്നു.

പാന്‍ ഇന്ത്യന്‍ തരത്തില്‍ വമ്പന്‍ വിജയം നേടിയ തെലുങ്ക് ചിത്രം ഹനു മാന്‍ ആണ് വരലക്ഷ്മിയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ധനുഷ് സംവിധാനം ചെയ്ത്, അഭിനയിക്കുന്ന രായനിലും വരലക്ഷ്മി ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടി നായകനായ കസബയിലൂടെയായിരുന്നു വരലക്ഷ്മി ശരത്‍കുമാറിന്‍റെ മലയാളം അരങ്ങേറ്റം. പിന്നീട് കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളിലും മലയാളത്തില്‍ അഭിനയിച്ചു. 

ALSO READ : 100 കോടി ക്ലബ്ബില്‍ എത്തുമോ? 'പ്രേമലു' തെലുങ്കില്‍ എത്തുക വന്‍ പ്രൊമോഷനോടെ, ട്രെയ്‍ലര്‍ ലോഞ്ച് ഇന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം