സോണി ലിവിന്‍റെ ഡയറക്റ്റ് റിലീസ് ആയിരുന്നു അപ്പന്‍
മികച്ച സൃഷ്ടികളാല്‍ എക്കാലവും സമ്പന്നമാണ് മലയാള സിനിമ. മുതല്‍ മുടക്ക് കണക്കാക്കുമ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും ചെറിയ സിനിമാ വ്യവസായമാണ് കേരളത്തിലുള്ളത്. എന്നാൽ കലാമൂല്യം അളവുകോലാക്കിയാല്‍ ഇന്ത്യയിലെ ഏത് ഭാഷാ സിനിമയുമായും മുട്ടിനില്‍ക്കാനുള്ള പാങ്ങുണ്ട് മലയാളത്തിന്. ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ മലയാള സിനിമ കാലത്തെ അടയാളപ്പെടുത്തുന്നു എന്ന് അനുരാഗ് കശ്യപ് പറഞ്ഞത് വെറുതെയല്ല. ഇക്കാലമത്രയും മലയാള സിനിമ കേരള സംസ്‍കാരത്തെയും കാലത്തെയും കൃത്യമായി അയാളപ്പെടുത്തികൊണ്ടാണ് നിലനിൽക്കുന്നത്.
മലയാള സിനിമ വിപ്ലവപൂര്‍ണമായ ഒരു ചരിത്രഘട്ടത്തിലൂടെയാണു കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കോമർഷ്യൽ, ആർട്ട് ഹൗസ് എന്നീ അതിർവരമ്പുകളെ ഭേദിച്ചു ഒന്നിനൊന്ന് മികച്ച ചിത്രങ്ങളാണ് മലയാളത്തിൽ ഈ അടുത്ത കാലത്തായി പുറത്ത് ഇറങ്ങിയിരിക്കുന്നത്. മാറ്റത്തിന് പാത്രമാകുന്ന മലയാള സിനിമ ഒട്ടനവധി നിർമ്മാതാക്കളെയും പുത്തൻ നിർമ്മാണ കമ്പനികളെയും ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. മലയാളത്തിൽ അങ്ങനെ എടുത്ത് പറയേണ്ട രണ്ട് നിർമ്മാതാക്കളുടെ പേരാണ് 'വെള്ളം' എന്ന ജയസൂര്യ ചിത്രം നിർമ്മിച്ച ജോസ്കുട്ടി മഠത്തിൽ , രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവരുടേത്.
'വെള്ളം' എന്ന ചിത്രം ജയസൂര്യ എന്ന നടന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും മികച്ച കഥാപാത്രത്തെ സമ്മാനിച്ച ഒന്നാണ്. കൂടാതെ ഒട്ടനവധി പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. 51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടൻ (ജയസൂര്യ), മികച്ച പിന്നണി ഗായകൻ (ഷഹബാസ് അമൻ), കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡില്‍ മികച്ച രണ്ടാമത്തെ സംവിധായകൻ (പ്രജേഷ് സെൻ), 2021 കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രം (വെള്ളം), കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം (സംയുക്ത മേനോന്‍), പത്താമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിൽ മികച്ച സംഗീത സംവിധായകൻ (ബിജിബാൽ), മികച്ച നവാഗത നിർമ്മാതാവ് (ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട്), പ്രേം നസീർ അവാർഡിൽ മികച്ച ചിത്രം (വെള്ളം), മികച്ച സംവിധായകൻ (പ്രജേഷ് സെൻ), കൂടാതെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ അവാർഡായ SIIMA അവാർഡ്സിലെ മികച്ച നവാഗത നിർമ്മാതാക്കൾക്ക് ഉള്ള അവാർഡ് (ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട്) തുടങ്ങി നിരവധി പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.
വെള്ളത്തിന് ശേഷം ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻ നിർമ്മിച്ച ചിത്രമാണ് അപ്പൻ. സണ്ണി വെയ്ൻ, അലെൻസിയർ, അനന്യ, ഗ്രേസ് ആന്റണി എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സോണി ലിവിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് പോലും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിക്കുന്നത്. സണ്ണി വെയ്ൻ എന്ന നായക നടന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ പകർന്നാടിയിട്ടുള്ള വേഷങ്ങളിൽ ഏറ്റവും മനോഹരമായി ചെയ്ത ചിത്രം കൂടിയാണ് അപ്പൻ.
അതേസമയം പ്രശംസകൾ കേട്ട് മതി വരുന്നതിന് മുന്നേ അടുത്ത ചിത്രത്തിന്റെ ടീസറുമായാണ് ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻ എത്തിയിരിക്കുന്നത്. ബിജിത് ബാല സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി നായകനാകുന്ന 'പടച്ചോനെ ഇങ്ങള് കാത്തോളീ ' എന്ന ആക്ഷേപഹാസ്യ ചിത്രത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യന്തം ചിരിക്കാൻ ഉള്ള ചേരുവകളുമായി എത്തുന്ന സിനിമ എന്താണെന്ന് കൃത്യമായി അടയാളപ്പെടുത്തിയ ടീസർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
നിർമ്മിക്കുന്ന സിനിമകളില്‍ മികവിന്‍റെ അടയാളങ്ങള്‍ ഉണ്ടാവണമെന്ന് ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻ എന്ന നിർമ്മാണ കമ്പനിയുടെ ഉടമസ്ഥർ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍. പ്രേക്ഷകരുടെ അഭിരുചി അറിഞ്ഞുകൊണ്ട് കൃത്യമായ ഇടവേളകളിൽ സിനിമകളുമായി എത്തുകയാണ് ഈ നിര്‍മ്മാണ കമ്പനി.
