വാരിസും, തുനിവും എന്ന് ഒടിടി റിലീസ് ആകും; പുതിയ അപ്ഡേറ്റ് ഇങ്ങനെ
അതേ സമയം ഇ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം വാരിസിന്‍റെ ടെലിവിഷൻ പ്രീമിയർ തീയതി ഏപ്രിൽ 14-ന് ആയിരിക്കും എന്നാണ് വിവരം.

ചെന്നൈ: വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് 'വാരിസ്'. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രം ആഗോള വിപണിയില്‍ ഇതുവരെ 200 കോടിയിലേറെ പിന്നിട്ടുവെന്നാണ് വിവരം.
'വാരിസ്' ഏഴ് ദിവസത്തിനുള്ളില്‍ 210 കോടി രൂപയിലധികം നേടിയിരിക്കുന്നുവെന്നാണ് നിര്‍മാതാക്കള്‍ നേരത്തെ അറിയിച്ചിരിക്കുന്നത്. അതിനിടെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് ഒരു അപ്ഡേറ്റ് വരുന്നത്. ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വാരിസിന്‍റെ ഒടിടി റിലീസ് അവകാശം നിര്‍മ്മാതാക്കള്‍ നല്‍കിയെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാല്‍ പടം എന്ന് ഒടിടിയില്‍ വരും എന്ന് വ്യക്തമല്ല. ചിത്രം തീയറ്ററില്‍ മികച്ച പ്രകടനം നടത്തുന്നതിനാല്‍ ചിലപ്പോള്‍ ഫെബ്രുവരി അവസാനത്തോടെയോ, അല്ലെങ്കില്‍ മാര്‍ച്ച് ആദ്യമോ ആയിരിക്കും റിലീസ് ഡേറ്റ് എന്നാണ് വിവരം.
അതേ സമയം ഇ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം വാരിസിന്‍റെ ടെലിവിഷൻ പ്രീമിയർ തീയതി ഏപ്രിൽ 14-ന് ആയിരിക്കും എന്നാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ സാറ്റ്ലെറ്റ് സംപ്രേഷണ അവകാശം ആര്‍ക്കാണ് നിര്‍മ്മാതാക്കള്‍ നല്‍കിയത് എന്ന് വ്യക്തമല്ല.
അതേ സമയം വാരിസിനൊപ്പം പൊങ്കല്‍ റിലീസായി എത്തിയ അജിത്തിന്‍റെ തുനിവ് റിലീസിന് മുന്‍പ് തന്നെ നെറ്റ്ഫ്ലിക്സുമായി ഒടിടി റിലീസ് കരാറില്‍ എത്തിയ ചിത്രമാണ്. തീയറ്റര്‍ റിലീസിന് ശേഷം ഒരു മാസത്തിന് ശേഷം ഒടിടി റിലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അത് പ്രകാരമാണെങ്കില്‍ ഫെബ്രുവരി 10ന് ശേഷം തുനിവ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും.
വാരിസില്‍ വിജയ്‍യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന 'വിജയ് രാജേന്ദ്രൻ' എന്ന കഥാപാത്രത്തെയാണ് വിജയ് 'വാരിസ്' എന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.
"നിങ്ങള്‍ക്ക് ഇവിടെ പടം ചെയ്യണമെങ്കില്‍...": രാജമൗലിയോട് ജെയിംസ് കാമറൂണ്‍ പറഞ്ഞത് ഇതാണ് - വീഡിയോ
വാരിസ് ടിവി സീരിയല്‍ പോലെയെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ വംശി