മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന 'കളങ്കാവൽ' എന്ന ക്രൈം ത്രില്ലർ ഡിസംബർ 5-ന് റിലീസ് ചെയ്യും. സൂപ്പർ സീനിയറായ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ എളുപ്പമായിരുന്നുവെന്നും ഡയലോഗുകളിൽ അദ്ദേഹം സഹായിച്ചുവെന്നും വിനായകൻ പറഞ്ഞു.

മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തുന്ന 'കളങ്കാവൽ' റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ജിതിൻ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം. ക്രൈം ത്രില്ലർ ആയി എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും പ്രതീക്ഷയോടെയാണ് ആരാധകർ നോക്കികണ്ടത്. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ തന്റെ അനുഭവം പങ്കുവെക്കുകയാണ് വിനായകൻ. മമ്മൂട്ടി വളരെ മുതിർന്ന താരമായത് കൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ വളരെ എളുപ്പമാണ് എന്നാണ് വിനായകൻ പറയുന്നത്.

"മമ്മൂക്കയുമായി വർക്ക് ചെയ്യാൻ ഭയങ്കര എളുപ്പമാണ്. അദ്ദേഹം വളരെ സൂപ്പർ സീനിയറാണ്. അദ്ദേഹത്തിന് അറിയാം കാര്യങ്ങളെല്ലാം. എനിക്ക് ഭയങ്കര എളുപ്പമായിരുന്നു അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ. സാറിനോട് ഞാൻ വളരെയധികം നന്ദി പറയുന്നു. സാർ വരുന്നതിന് മുൻപ് തന്നെ ആ കഥാപാത്രത്തിന് ഞാനൊരു ബോ‍ഡി ലാങ്ഗ്വേജ്‌ പിടിച്ചിട്ടുണ്ടായിരുന്നു. സാർ വന്ന ശേഷം ഡയലോ​ഗ് കുറേയൊക്കെ മാറി, സാർ ചെയ്ത് നല്ല അനുഭവം ഉള്ള ആളാണല്ലോ. അതെനിക്ക് വളരെയധികം ​ഗുണം ചെയ്തു. അത്രയൊന്നും പറയണ്ട, അല്ലെങ്കിൽ ഇത്രയും പറഞ്ഞാൽ മതി എന്നൊക്കെ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. ഡയലോ​ഗ് പറയാനാണ് സാർ എന്നെ കൂടുതൽ സഹായിച്ചത്." വിനായകൻ പറയുന്നു. സിനിമയുടെ ഭാഗമായി മമ്മൂട്ടികമ്പനിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിനായകന്റെ പ്രതികരണം.

അതേസമയം ഡിസംബർ 5 നാണ് കളങ്കാവൽ ആഗോള റിലീസായി എത്തുന്നത്. . ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കളങ്കാവൽ'.

എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണം നേടിയിരുന്നു. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയുമായി എത്തുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയും ആകാംഷയുമാണ് പ്രേക്ഷകർക്കുള്ളത്.

YouTube video player