"നിഷ്‍കരുണം തന്നെ തേജോവധം ചെയ്തവരെ പോലും പുഞ്ചിരി കൊണ്ട് നേരിട്ട മഹാനുഭാവാ.."

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ജനങ്ങള്‍ നല്‍കുന്ന ആദരവിനെക്കുറിച്ച് സംവിധായകന്‍ വിനയന്‍. സാധാരണക്കാരായ ജനങ്ങള്‍ നല്‍കുന്ന ആദരവിനോളം വരില്ല ഒരു ബഹുമതിയുമെന്ന് പറയുന്നു വിനയന്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വിനയന്‍റെ അഭിപ്രായപ്രകടനം.

"സമയത്തേക്കാൾ വില സ്നേഹത്തിനു കൊടുത്ത ജനനായകന്‍റെ സമയരഥത്തിലുള്ള ഈ യാത്ര ചരിത്രത്തിൽ തന്നെ ഇടം നേടുകയാണ്. അധികാരം കൈയ്യിലില്ല, സഹിച്ച അപമാനങ്ങൾ ഏറെയാണ്... നിഷ്കരുണം തന്നെ തേജോവധം ചെയ്തവരെ പോലും പുഞ്ചിരി കൊണ്ട് നേരിട്ട മഹാനുഭാവാ... അങ്ങേയ്ക്ക് സാധാരണക്കാരായ ജനങ്ങൾ തന്ന ഈ ആദരവ്, ഈ നിഷ്കളങ്ക സ്നേഹം.. അതിനോളം വരില്ല ഒരു ബഹുമതിയും.. പക്ഷേ.. അതു കാണാൻ അങ്ങേയ്ക്ക് ആകില്ലല്ലോ...? മറ്റ് പൊതുപ്രവർത്തകർക്ക് മാതൃകയാകട്ടേ... ഈ OC യുടെ ഓർമ്മകൾ...", വിനയന്‍ കുറിച്ചു.

അതേസമയം ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വിലാപയാത്ര ജന്മനാടായ പുതുപ്പള്ളിയിലേക്ക് എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു. പുതുപ്പള്ളിയിലെ വീട്ടില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് ഏഴരയോടെ സംസ്കാര ചടങ്ങുകള്‍ ആരംഭിക്കും. ആയിരക്കണക്കിന് പേരാണ് തിരുനക്കര മൈതാനിയിൽ ഉമ്മൻചാണ്ടിയെ കാണാനെത്തിയത്. വളരെ പാടുപെട്ടാണ് പൊലീസ് തിരക്ക് നിയന്ത്രിച്ചത്. സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ​ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിലെത്തി ആദരമർപ്പിച്ചു.

ALSO READ : ടിക്കറ്റൊന്നിന് 2450 രൂപ, എല്ലാം വിറ്റുപോയി! 'ഓപ്പണ്‍ഹെയ്‍മറി'ന്‍റെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഷോ ഇവിടെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക