വിസ്‍മയ ആദ്യമായി അഭിനയിക്കുന്ന തുടക്കം എന്ന സിനിമയുടെ റിലീസ് ഈ വാരാന്ത്യത്തിലാണ്

ദില്ലിയിലെ വിദ്യാര്‍ഥി സമരത്തിന് എതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച വിസ്മയ മോഹന്‍ലാല്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിസ്മയയും മോഹന്‍ലാലും പ്രതികരിച്ചിരിക്കുകയാണ്. വിസ്മയയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റമായ തുടക്കം സിനിമയുടെ റിലീസിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇതേക്കുറിച്ച് പറയുന്നത്. “വിസ്മയയ്ക്ക് സംസാരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. വിസ്മയ ഒരു വ്യക്തിയാണ്. സംസാരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്ത് പറഞ്ഞാലും കുഴപ്പമായിട്ട് മാറുന്ന ഒരു സമയമുണ്ട്. ഞാനൊക്കെ അതില്‍ക്കൂടിയാണ് കടന്നുപോകുന്നത്. പോപ്പുലാരിറ്റി കൂടുമ്പോഴാണ് കുഴപ്പം ഉണ്ടാവുന്നത്”, മോഹന്‍ലാലിന്‍റെ വാക്കുകള്‍.

മറ്റുള്ളവരെയോ അവരുടെ വാക്കുകളെയോ നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ അത് അലോസരപ്പെടുത്താറില്ലെന്നും വിസ്മയയും പറഞ്ഞു- “എനിക്ക് എന്നെ മാത്രമേ നിയന്ത്രിക്കാനാവൂ. എന്‍റെ വാക്കുകളെ മാത്രമേ നിയന്ത്രിക്കാനാവൂ. മറ്റാരെയും നിയന്ത്രിക്കാനാവില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അലോസരപ്പെടുത്താറില്ല. എനിക്ക് എന്‍റെ ഊര്‍ജ്ജം അവിടെ നഷ്ടപ്പെടുത്താന്‍ താല്‍പര്യമില്ല,” വിസ്മയയുടെ വാക്കുകള്‍. തുടക്കം സിനിമയിലൂടെ അഭിനയത്തില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ച് വിസ്മയ പറയുന്നത് ഇങ്ങനെ- “ചെറുപ്പത്തിലേ നാടകം ഭയങ്കര ഇഷ്ടമാണ്. കുറേ നാളായി (സിനിമാഭിനയം) ട്രൈ ചെയ്യണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. ഒരു സ്വപ്നമായിരുന്നു അത്”, വിസ്മയ പറയുന്നു. വലിയ ആലോചനകള്‍ക്ക് ശേഷം മാത്രമാണ് വിസ്മയ സിനിമയിലേക്ക് എത്തിയതെന്നും അത് നല്ല കാര്യമാണെന്നും മോഹന്‍ലാലിന്‍റെ വാക്കുകള്‍. സുചിത്ര മോഹന്‍ലാലും ഈ കുടുംബ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന തുടക്കം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒപ്പം അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്. 2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 2 മണിക്കൂറും 19 മിനിറ്റുമാണ് ദൈര്‍ഘ്യം. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ.

സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങളെ നിയന്ത്രിക്കാൻ ആകില്ല; വിസ്‌മയ മോഹന്‍ലാല്‍ | Vismaya Mohanlal