മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ 'തുടക്കം' എന്ന സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലുണ്ട്.

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തുടക്കം. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലിന്റെ മകൾ ആദ്യമായി സിനിമയിലെത്തുന്നത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകർ. പ്രണവ് മോഹൻലാൽ നേരത്തെ സിനിമയിൽ തന്റെ സാന്നിധ്യമറിയിച്ചത് കൊണ്ട് തന്നെ വിസ്മയയുടെ ആദ്യ സിനിമ എങ്ങനെയാവുമെന്ന ചർച്ചയിലാണ് ആരാധകർ. എന്നാൽ ഇപ്പോഴിതാ പ്രണവിനെ കുറിച്ച് വിസ്മയ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സിനിമയിലേക്കിറങ്ങുമ്പോൾ പ്രണവ് ഉപദേശമൊന്നും തന്നിട്ടില്ലെന്നാണ് വിസ്മയ പറയുന്നത്. താൻ എന്ത് ചെയ്താലും അതിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും, സിനിമ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ 'പോയി അടിച്ചു പൊളിക്ക്' എന്നാണ് പ്രണവ് പറഞ്ഞതെന്നും വിസ്മയ ഓർത്തെടുത്തു.

"ചേട്ടൻ ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പക്ഷേ എല്ലാ കാര്യവും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. ഇതാണ് ജീവിതം. നീ എന്ത് ചെയ്താലും അതിന് പ്രത്യാഘാതങ്ങളുണ്ടാകും. സിനിമ ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ, 'പോയി അടിച്ചു പൊളിക്ക്' എന്നാണ് അദ്ദേഹം പറഞ്ഞത്. സ്കൂളിലൊക്കെ പഠിച്ച് കഴിഞ്ഞ സമയത്ത് ഞാൻ ചെറിയ രീതിയിൽ അവിടെയുമിവിടെയുമൊക്കെയായി കവിതയൊക്കെ എഴുതുമായിരുന്നു. 'എന്തുകൊണ്ട് നിനക്ക് ഇതൊരു പുസ്തകമാക്കി കൂടാ?' എന്ന് ചോദിച്ചത് ചേട്ടനാണ്." വിസ്മയ പറയുന്നു.

"അങ്ങനെയാണ് ഞാൻ അതിനായി ശ്രമിച്ചത്. അങ്ങനെ അത് പുസ്തകമായി. എല്ലാ കാര്യങ്ങളിലും അദ്ദേഹം എന്നെ വളരെയധികം പിന്തുണയ്ക്കാറുണ്ട്. ശരിക്കും, എന്ത് കാര്യത്തിനായാലും എന്തെങ്കിലും ഉപദേശങ്ങളൊക്കെ വേണ്ടപ്പോൾ ഞാൻ ആദ്യം സമീപിക്കുന്നത് അദ്ദേഹത്തെയാണ്. അദ്ദേഹം ഒരു നല്ല സഹോദരനാണ്. ഞങ്ങൾ തമ്മിൽ വഴക്കൊക്കെ ഉണ്ടാകാറുണ്ട്. പക്ഷേ അത് കുറച്ച് നേരത്തേക്ക് മാത്രമേ ഉള്ളൂ. കുറച്ച് കഴിഞ്ഞാൽ വീണ്ടും പഴയപോലെ എല്ലാം നോർമലായി, ചിൽ ആയിരിക്കും." വിസ്മയ കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു വിസ്മയയുടെ പ്രതികരണം.

2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആന്റണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആന്റണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാരാ സിനിമയുടെ ഭാഗമാകാനൊരുങ്ങുന്നു. എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്‍, ഛായാഗ്രഹണം ജോമോൻ ടി ജോൺ, എഡിറ്റിംഗ് ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ. മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്.

YouTube video player