ജനുവരി 25 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്

മലയാളത്തില്‍ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ഒന്നായിരുന്നു മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതായിരുന്നു ഈ പ്രേക്ഷകപ്രതീക്ഷയ്ക്ക് കാരണം. എന്നാല്‍ പ്രതീക്ഷയുടെ അമിതഭാരവുമായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം കൂടുതലും നെ​ഗറ്റീവ് പ്രതികരണങ്ങളാണ് ലഭിച്ചത്. തുടര്‍ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ മികച്ച അഭിപ്രായങ്ങള്‍ എത്തിയെങ്കിലും അതിനൊന്നും ചിത്രത്തെ ബോക്സ് ഓഫീസില്‍ ഉയര്‍ത്താനായില്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ പരാജയം ബാധിച്ചോ എന്ന ചോദ്യത്തിന് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡാനിഷ് സേഠ് പ്രതികരിച്ചിരിക്കുകയാണ്.

ചിത്രത്തില്‍ ചമതകന്‍ എന്ന ഏറെ പ്രാധാന്യമുള്ള വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് ഡാനിഷ് ആയിരുന്നു. സിനിമാ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഡാനിഷ് സേഠിന്‍റെ പ്രതികരണം. മലൈക്കോട്ടൈ വാലിബന് ലഭിച്ച പ്രേക്ഷക പ്രതികരണം നിരാശപ്പെടുത്തിയോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെ- "ഒരുപാടൊന്നും ഞാന്‍ വായിച്ചില്ല. പ്രേക്ഷകര്‍ക്ക് ഈ ചിത്രത്തിന്മേലുണ്ടായിരുന്ന പ്രതീക്ഷകളെക്കുറിച്ചും ചിത്രം കണ്ടതിന് ശേഷമുള്ള പ്രതികരണങ്ങളും. ഇതൊരു വലിയ ചിത്രമായതിനാല്‍ത്തന്നെ പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷയും സ്വാഭാവികമായും ഉയര്‍ന്നതായിരിക്കും. എനിക്കും അങ്ങനെതന്നെ ആയിരുന്നു. ഞങ്ങള്‍ ഏറ്റവും മികച്ച രീതിയിലാണ് ജോലി ചെയ്തതെന്ന് ആ ചിത്രത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇപ്പോള്‍ അത് പ്രേക്ഷകര്‍ക്ക് അവകാശപ്പെട്ടതാണ്."

"43 വര്‍ഷം ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിച്ചതിന് ശേഷം ഒരു ചിത്രത്തിന്‍റെ റിലീസിന് മുന്‍പ് ഭയം തോന്നാറുണ്ടോയെന്ന് വാലിബന്റെ റിലീസിന് മുന്‍പ് ഞാന്‍ മോഹന്‍ലാലിനോട് ചോദിച്ചത് ഓര്‍ക്കുന്നു. ഭയപ്പെടാനുള്ള കാരണമില്ലെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. നമ്മള്‍ നമ്മുടെ ഏറ്റവും മികച്ചത് ചെയ്തു. ഇനി പ്രേക്ഷകരാണ് പറയേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ശരിക്കും അഭിനയകലയെ സംബന്ധിച്ച് അങ്ങനെതന്നെയാണ്. മലൈക്കോട്ടൈ വാലിബന്‍ എന്നെ സംബന്ധിച്ച് എക്കാലത്തും സ്പെഷല്‍ ആയിരിക്കും. ജീവിതത്തില്‍ എനിക്ക് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും മികച്ച അനുഭവമായിരുന്നു അത്", ഡാനിഷ് സേഠ് പറയുന്നു. ഫെബ്രുവരി 23 ന് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് മലൈക്കോട്ടൈ വാലിബന്‍റെ ഒടിടി റിലീസ്. 

ALSO READ : 'ഗോട്ട്', 'ഇന്ത്യന്‍ 2' ഇതൊന്നുമല്ല, തമിഴ് സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്നത് ആ ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം