തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് സൂചനകള്‍ നല്‍കിയിരുന്നു. ഇത്തവണ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വിഘ്‌നേഷ് ശിവന്‍ നല്‍കിയ മറുപടിയാണ് ഇന്റര്‍നെറ്റില്‍ ട്രെന്റിംഗ്. 

എന്നാണ് വിവാഹം എന്ന് ചോദിച്ചപ്പോള്‍, ഇന്റര്‍നെറ്റ് ഇതുവരെ 22 തവണ തന്നെയും നയന്‍താരയെയും വിവാഹം കഴിപ്പിച്ചുവെന്നാണ് വിഘ്‌നേഷ് നല്‍കിയ മറുപടി. മാത്രമല്ല, രണ്ടുപേരും ഇപ്പോള്‍ തങ്ങളുടെ പ്രൊഫഷണില്‍ ആണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു. 

''ഞങ്ങളുടെ ശ്രദ്ധ ജോലിയിലാണ്. ഡേറ്റ് ചെയ്ത് ബോറഡിക്കുമ്പോള്‍ ഞങ്ങള്‍ കല്യാണം കഴിക്കും, നമുക്ക് നോക്കാം. വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ അറിയിക്കാം'' - വിഘ്‌നേഷ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ചടങ്ങില്‍ ഫിയാന്‍സി എന്നാണ് വിഘ്‌നേഷ് ശിവനെ നയന്‍താര വിശേഷിപ്പിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഉടനുണ്ടാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. 

2015 ല്‍ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. നയന്‍താരയും വിജയ് സേതുപതിയും നായികാ നായകന്‍മാരായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് വിഘനേഷ് ശിവനായിരുന്നു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ദര്‍ബാറിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്.