ജര്‍മനിയില്‍ നടന്ന മോഹന്‍ലാല്‍ ഷോ കണ്ട അനുഭവം പങ്കുവെക്കുകയാണ് ട്രാവല്‍ വ്ലോഗര്‍ മഹീന്‍ എസ്

മോഹന്‍ലാലോ മമ്മൂട്ടിയോ, ആരാണ് കേമന്‍? മലയാളി സിനിമാപ്രേമികള്‍ തലമുറകളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാര്യമാണിത്. ഇപ്പോഴും അന്തിമമായ ഉത്തരത്തില്‍ എത്താത്ത ചോദ്യവും. രണ്ട് പേരുടെയും സ്ട്രോംഗ് ഏരിയകള്‍ ഏതൊക്കെയെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. ഇപ്പോഴിതാ യൂറോപ്യന്‍ പര്യടനത്തിന്‍റെ ഭാഗമായി മോഹന്‍ലാലും സംഘവും ജര്‍മനിയില്‍ നടത്തിയ ഷോ നേരില്‍ കണ്ട മലയാളി ട്രാവല്‍ വ്ലോഗര്‍ ഹിച്ച്ഹൈക്കിംഗ് നൊമാഡ് എന്ന മഹീന്‍ എസ് ഇതേ ചോദ്യത്തിനുള്ള മറുപടി തേടുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് മഹീന്‍റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഹീന്‍ എസിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

മമ്മൂട്ടിയോ ലാലേട്ടനോ? ജർമ്മനിയിൽ നടന്ന #mohanlal ഷോ കാണാൻ പോയത് എന്റെ ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു. സത്യത്തിൽ മോഹൻലാലിന്റെയോ മറ്റേതെങ്കിലും സിനിമാതാരങ്ങളുടെയോ സ്റ്റേജ് ഷോ ഞാൻ ഇതിന് മുമ്പ് നേരിൽ കണ്ടിട്ടില്ല. കുട്ടിക്കാലം മുതൽ ഏഷ്യാനെറ്റിലെ അവാർഡ് നൈറ്റുകളും സ്റ്റേജ് പരിപാടികളും സ്ഥിരമായി കാണാറുണ്ടായിരുന്നു. അന്ന് ടിവിയിൽ അദ്ദേഹത്തിന്റെ ഡാൻസും പ്രകടനങ്ങളും കാണുമ്പോൾ അത്ര വലിയ ആകർഷണം തോന്നിയിരുന്നില്ല. ചിലപ്പോഴൊക്കെ അത് എനിക്ക് അത്ര കൺവിൻസിംഗ് ആണെന്ന് പോലും തോന്നിയിരുന്നില്ല.

പക്ഷേ, അതേ മോഹൻലാലിനെ നേരിൽ കണ്ടപ്പോൾ എന്റെ അഭിപ്രായം പൂർണമായും മാറി. എന്തുകൊണ്ടാണ് ആളുകൾ അദ്ദേഹത്തെ “The Complete Actor” എന്ന് വിളിക്കുന്നതെന്ന് ഞാൻ അന്നാണ് ശരിക്കും മനസ്സിലാക്കിയത്. ആ പ്രായത്തിലും അദ്ദേഹം സ്റ്റേജിൽ കാണിച്ച എനർജിയും ഡാൻസും ആത്മവിശ്വാസവും അതിശയിപ്പിക്കുന്നതായിരുന്നു. പ്രായം വെറും സംഖ്യ മാത്രമാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു. മലയാള സിനിമയിൽ അദ്ദേഹത്തിന്റെ പ്രായത്തിലുള്ള മറ്റേതെങ്കിലും നടന് ഇത്രയും ഊർജത്തോടെയും പ്രേക്ഷകരെ ഇത്രയും ആകർഷിക്കുന്ന രീതിയിലും ഒരു സ്റ്റേജ് ഷോ അവതരിപ്പിക്കാൻ കഴിയുമോ എന്നത് എനിക്ക് സംശയമാണ്.

റംസാന്‍ മുഹമ്മദ്, സ്വാസിക, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, സാനിയ ഇയ്യപ്പന്‍, അതിന്റെ കൂടെ ഗായകരായ കെ എസ് ചിത്ര,വിധു പ്രതാപ് മറ്റ് നിരവധി കലാകാരന്മാരും ചേർന്ന് പരിപാടിയെ മനോഹരമാക്കിയെങ്കിലും വേദിയിലെ ലാലേട്ടന്റെ സാന്നിധ്യം തന്നെ വേറിട്ടൊരു അനുഭവമായിരുന്നു. ഓരോ നിമിഷവും പ്രേക്ഷകരെ സന്തോഷിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥ ശ്രമം വ്യക്തമായി കാണാമായിരുന്നു.

മോഹൻലാലാണോ മമ്മൂട്ടിയാണോ മികച്ചത് എന്ന ചർച്ച എപ്പോഴും ഉണ്ടാകും. എന്നാൽ ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ പറയുകയാണെങ്കിൽ, എനിക്ക് മോഹൻലാലിനോടുള്ള ആരാധന വളരെ കൂടുതലായി. അതേസമയം, മമ്മൂട്ടിയുടെ ഒരു ലൈവ് പരിപാടിയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഒരുപക്ഷേ അദ്ദേഹത്തെ നേരിൽ കാണുകയും അദ്ദേഹത്തിന്റെ പ്രകടനം അനുഭവിക്കുകയും ചെയ്യുന്ന ദിവസം വന്നാൽ, അദ്ദേഹത്തിന്റെയും വലിയ ആരാധകനാകാൻ സാധ്യതയുണ്ട്. പക്ഷേ ഇന്നത്തെ അനുഭവം എന്നെ മോഹൻലാലിനോട് കൂടുതൽ അടുപ്പിച്ചുവെന്നത് സത്യമാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming