യഷ് രാജ് ഫിലിംസിന്റെ 'വാർ 2' 2025 ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യും. ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവരുടെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി. ഐമാക്സ് ഫോർമാറ്റിലും ചിത്രം ലഭ്യമാകും.
മുംബൈ: യഷ് രാജ് ഫിലിംസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'വാർ 2' 2025 ഓഗസ്റ്റ് 14-ന് തന്നെ ആഗോള റിലീസ് ചെയ്യും എന്ന് ഉറപ്പായി. ആഗോളതലത്തില്‍ ചിത്രം ഐമാക്സിലും തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്നു എന്നതാണ് പുതിയ അപ്ഡേറ്റ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തിറങ്ങി,
ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവരുടെ ആക്ഷൻ പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിൽ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രം, യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ആറാമത്തെ ചിത്രമാണ്.
2019-ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'വാർ'-ന്റെ തുടർച്ചയായ 'വാർ 2'ൽ ഹൃതിക് റോഷൻ തന്റെ ഐതിഹാസിക കഥാപാത്രമായ മേജർ കബീറിന്‍റെ വേഷത്തിലാണ് എത്തുന്നത്. തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആർ തന്റെ ബോളിവുഡ് അരങ്ങേറ്റത്തിൽ വീരേന്ദ്ര റഘുനാഥ് എന്ന ആന്‍റി ഹീറോയായി എത്തുന്നു. ഇത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരസമാഗമങ്ങളിലൊന്നാണ്.
കിയാര അദ്വാനി, കരുത്തുറ്റ ഒരു ആക്ഷൻ അവതാരത്തിൽ, ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഒരു പുതിയ ലുക്കിൽ പ്രത്യക്ഷപ്പെടുന്നു. ഓഗസ്റ്റ് 14-ന് റിലീസിന് 50 ദിവസം മാത്രം ബാക്കിനിൽക്കെയാണ് 'വാർ 2' ടീം പുതിയ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയത്.
'വാർ 2' ഇന്ത്യയിലെ സ്വാതന്ത്ര്യ ദിന വാരാന്ത്യത്തിൽ പ്രദർശനത്തിനെത്തും. വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ്, യുകെ, യൂറോപ്പ്, ഓസ്‌ട്രേലിയ, ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ പ്രധാന അന്താരാഷ്ട്ര വിപണികളിലും ചിത്രം ഐമാക്സ് ഫോർമാറ്റിലും ലഭ്യമാകും. "ഇന്ത്യൻ സിനിമയെ ആഗോള വേദിയിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഹൃതിക് റോഷനും ജൂനിയർ എൻടിആറും തമ്മിലുള്ള ക്ലാഷ് ഐമാക്സിൽ അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും." ചിത്രത്തിന്‍റെ ഐമാക്സ് റിലീസ് സംബന്ധിച്ച് യഷ് രാജ് ഫിലിംസിന്റെ അന്താരാഷ്ട്ര വിതരണ വൈസ് പ്രസിഡന്റ് നെൽസൺ ഡിസൂസ പറഞ്ഞു.
അയൻ മുഖർജി സംവിധാനം ചെയ്യുന്ന 'വാർ 2', ആദിത്യ ചോപ്രയാണ് നിർമ്മിക്കുന്നത്. 'പഠാൻ', 'ടൈഗർ 3' തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഈ ചിത്രം. അന്താരാഷ്ട്ര ലൊക്കേഷനുകളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത.


