സൂര്യ നായകനായ ചിത്രമാണ് സൂരരൈ പൊട്രു. സൂര്യയുടെ വൻ തിരിച്ചുവരവാകും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.  എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായി  ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ ഒരുക്കുന്നത്. സൂര്യയുടെ അഭിനയം തന്നെയാണ് സിനിമയുടെ ആകര്‍ഷണം. സൂരരൈ പൊട്രുവില്‍ സിംഗത്തിന്റെ മാനറിസങ്ങള്‍ വേണ്ടെന്ന് സംവിധായിക സുധ പറഞ്ഞിരുന്നുവെന്ന് ഇന്ത്യാ ടുഡെയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂര്യ വെളിപ്പെടുത്തി.

സിനിമയില്‍ വേണ്ടാത്ത ചില മാനറിസങ്ങള്‍ സുധ തീരുമാനിച്ചിരുന്നുവല്ലോ, അതിനെ എങ്ങനെയാണ് മറികടന്നത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സൂര്യ. എന്റെ മോഡുലേഷൻ, ബോഡി ലാംഗ്വേജ്, ചിലപ്പോള്‍ എന്റെ ദേഷ്യം എല്ലാം വരും. ഇവിടെ നിങ്ങള്‍ 'സിങ്കം' അല്ല എന്ന് സുധ മുന്നറിയിപ്പ് നല്‍കുമായിരുന്നു. ഞാൻ അങ്ങനെ ചെയ്യണം എന്ന് വിചാരിച്ചല്ല. പക്ഷേ എന്റെ ശീലം ചിലപ്പോള്‍ അങ്ങനെ ആക്കും. എന്തായാലും സുധ എന്നെ ഒരുപാട് സഹായിച്ചു.

സിനിമയ്‍ക്ക് റിലീസിന് മുന്നേ ലഭിക്കുന്ന സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും സൂര്യ പറയുന്നു.

സുധയും താനും ക്യാപ്റ്റൻ ഗോപിനാഥന്റെ അനുഗ്രഹം തേടിയിരുന്നുവെന്നും സൂര്യ പറഞ്ഞു.  ഫ്ലൈ എഗൈൻ എന്ന പുസ്‍തകത്തിന്റെ ആത്മാവ് കളയരുത് എന്ന് അദ്ദേഹം പറയുകയും ഞങ്ങള്‍ ഉറപ്പ് നല്‍കുകയും ചെയ്‍തിരുന്നു സൂരരൈ പൊട്രു കണ്ട് അദ്ദേഹം സന്തോഷവനായിരുന്നുവെന്നും സൂര്യ പറഞ്ഞു. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയാകുന്നത്. സൂര്യ മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തിയത് എന്നാണ് സൂചനകള്‍.  സൂരരൈ പൊട്രുവിലൂടെ വൻ വിജയം സ്വന്തമാക്കാൻ കാത്തിരിക്കുകയാണ് സൂര്യ.