'വിസിറ്റര്‍' സിനിമയുടെ സ്വിച്ചോണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍

മലയാളി സിനിമാ താരങ്ങളുടെ അഭിമുഖങ്ങളില്‍ ഏറ്റവും സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുള്ളത് ധ്യാന്‍ ശ്രീനിവാസന്‍റേത് ആയിരിക്കും. സ്വതസിദ്ധമായ നര്‍മ്മത്തോടെ ധ്യാന്‍ പറയുന്ന കാര്യങ്ങള്‍ അവതാരകരെയും സഹതാരങ്ങളെയുമൊക്കെ ചിരിപ്പിക്കാറുണ്ട്. ധ്യാന്‍ സംസാരിക്കുന്ന പൊതുവേദികള്‍ ആണെങ്കിലും അങ്ങനെ തന്നെ. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം ഒരു വേദിയില്‍ സംസാരിക്കവെ സദസില്‍ പൊട്ടിച്ചിരി തീര്‍ത്തിരിക്കുകയാണ് ധ്യാന്‍. വീഡിയോ സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടുകയാണ്.

കുട്ടി ആയിരുന്നപ്പോള്‍ കൈരളി ടിവിയില്‍ വന്ന ധ്യാനിന്‍റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറല്‍ ആയിരുന്നു. ശ്രീനിവാസനെ കുടുംബ സമേതം അഭിമുഖം ചെയ്ത പരിപാടിയില്‍ കുട്ടികളായ ധ്യാനിന്‍റെയും വിനീതിന്‍റെയും വാക്കുകളാണ് ചിരി പടര്‍ത്തിയത്. നവ്യ നായരോട് ഇഷ്ടം മുമ്പ് ഇഷ്ടം തോന്നിയിരുന്നുവെന്നും കല്യാണം കഴിക്കാന് ​ആ​ഗ്രഹിച്ചിരുന്നുവെന്നുമൊക്കെ സ്കൂള്‍ വിദ്യാര്‍ഥിയായ ധ്യാന്‍ അന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ നവ്യ നായര്‍ക്കൊപ്പം അഭിനയിക്കുന്ന വിസിറ്റര്‍ എന്ന സിനിമയുടെ സ്വിച്ചോണ്‍ പരിപാടിയില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ആ വേദിയില്‍ സംസാരിക്കവെയാണ് ധ്യാന്‍ വീണ്ടും നവ്യയെക്കുറിച്ച് പറഞ്ഞത്.

“എന്‍റെ ഇന്‍റര്‍വ്യൂ ജീവിതം ആരംഭിക്കുന്നത് തന്നെ നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം നവ്യ കല്യാണം കഴിച്ചു. നവ്യയ്ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാനുള്ള മകനായി. എന്നിട്ടാണ് ഞങ്ങള്‍ അവസാനം ഒന്നിച്ച് അഭിനയിക്കുന്നത്. എന്നാല്‍പ്പോലും ഞാന്‍ പറയുന്നു, ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് നവ്യ വരണം”, സദസിന്‍റെ പൊട്ടിച്ചിരികള്‍ക്കിടയില്‍ ധ്യാന്‍ പറഞ്ഞു. ഇത് കേട്ട് ചിരിക്കുന്ന നവ്യയെയും വീഡിയോയില്‍ കാണാം. വിജയ് മുഖ്യമന്ത്രി ആയതിന് ശേഷം അടുത്ത 15 വര്‍ഷങ്ങള്‍ അതിനുവേണ്ടി ശ്രമിക്കാന്‍ പോവുകയാണെന്ന് താന്‍ സുഹൃത്തായ അജു വര്‍​ഗീസിനോട് പറഞ്ഞിരുന്നുവെന്നും ധ്യാന്‍ വേദിയില്‍ പറഞ്ഞിരുന്നു. അമ്മ നേതൃത്വത്തിലേക്ക് തന്നെ കൊണ്ടുവരാന്‍ പലരും ആ​ഗ്രഹിച്ചെന്നും എന്നാല്‍ താന്‍ അതിന് ഇല്ലെന്നും ധ്യാന്‍ വേദിയില്‍ പറഞ്ഞു.

അതേസമയം വിസിറ്റര്‍ എന്ന ചിത്രത്തില്‍ ധ്യാനിനും നവ്യയ്ക്കുമൊപ്പം ഉര്‍വശിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹൊറര്‍ ​ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ സംവിധാനം രാഹുല്‍ മുരളീധരന്‍ ആണ്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming