ക്ഷമിക്കുന്നതിനും ഒരു പരിധി ഉണ്ടെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി.  

കൊച്ചി: നടൻ വിനായകന് ഭീഷണിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ.നോബല്‍ കുമാർ. ഇനിയും നിലക്കുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ കൈക്കരുത്തുള്ള യൂത്ത് കോൺഗ്രസുകാർ എറണാകുളത്ത് ഉണ്ടെന്ന് വിനായകൻ അറിയുമെന്ന് നോബല്‍ കുമാർ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു നോബല്‍ കുമാറിന്റെ പ്രതികരണം.

'വിനായകന് വായിൽ തോന്നുന്നത് എന്തും വിളിച്ചു പറയാം എന്ന തോന്നൽ ഉണ്ടെങ്കിൽ നിർത്തിക്കോ. ഇനിയും ഇവനെ നിലക്കുനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു സംശയവും വേണ്ട യൂത്ത് കോൺഗ്രസിൽ എറണാകുളത്തു നല്ല കൈക്കരുത്തുള്ള ആൺപിള്ളേർ ഉണ്ടെന്നു വിനായകൻ അറിയും. ക്ഷമിക്കുന്നതിനും ഒരു പരിധി ഉണ്ട്', എന്നായിരുന്നു നോബല്‍ കുമാർ ഫേസ്ബുക്കിൽ കുറിച്ചത്. അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ചു കൊണ്ടുള്ള വിനായകന്‍റെ പോസ്റ്റിന് പിന്നാലെ ആണ് നോബല്‍ രംഗത്ത് എത്തിയത്.

വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ ഉള്‍പ്പടെയുള്ളവരെ അധിക്ഷേപിച്ച് കൊണ്ടുള്ളതായിരുന്നു വിനായകന്‍റെ പോസ്റ്റ്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ് എന്നിവര്‍ വിനായകനെതിരെ ഡിജിപിക്ക് പരാതിയും നല്‍കി. 

അതേസമയം, മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കളങ്കാവല്‍ ആണ് വിനായകന്‍റേതായി വരാനിരിക്കുന്ന സിനിമ. ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് റോളിലും വിനായകന്‍ പൊലീസ് വേഷത്തിലുമാണ് എത്തുന്നതെന്നാണ് വിവരം. ജിതിന്‍ കെ ജോസ് ആണ് കളങ്കാവല്‍ സംവിധാനം ചെയ്യുന്നത്. വൈകാതെ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്