രാജ്യാന്തര ചലച്ചിത്രമേളയുടെ ആറാം ദിനത്തിൽ 11 തിയേറ്ററുകളിലായി 72 സിനിമകൾ പ്രദർശിപ്പിക്കും. നേരത്തെ സെൻസർ ഇളവ് നിഷേധിച്ച ആറ് ചിത്രങ്ങളും ഇതിൽ ഉൾപ്പെടും. പലസ്തീൻ പാക്കേജിലെ ചിത്രങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി ശ്രദ്ധേയമായ സിനിമകൾ പ്രദർശനത്തിനെത്തും.

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ആറാം ദിനമായ ഇന്ന് (ബുധനാഴ്ച്ച) 11 തീയേറ്ററുകളിലെ 16 സ്‌ക്രീനുകളിൽ 72 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇതിൽ നേരത്തെ സെൻസർ ഇളവ് നിഷേധിച്ച ആറ് ചിത്രങ്ങൾ ഉൾപ്പെടും. ലോക സിനിമ വിഭാഗത്തിൽ 26 ചിത്രങ്ങളും, കാലിഡോസ്കോപ്പ് വിഭാഗത്തിൽ-7, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ-6, ഫെസ്റ്റിവൽ ഫേവറിറ്റ് വിഭാഗത്തിൽ-5, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ-4, ഫിലിംമേക്കർ ഇൻ ഫോക്കസ്, ഇന്ത്യൻ സിനിമ നൗ എന്നീ വിഭാഗങ്ങളിൽ -3, ഫീമെയിൽ ഫോക്കസ്, ലാറ്റിൻ അമേരിക്കൻ മൂവി, സുവർണചകോരം ഫിലിംസ്, കൺട്രി ഫോക്കസ് എന്നീ വിഭാഗങ്ങളിൽ നിന്ന് രണ്ടു ചിത്രങ്ങൾ വീതവും ലൈഫ് ടൈം അച്ചീവ്‌മെന്റ്, ഋത്വിക് ഘട്ടക്ക് റെട്രോസ്‌പെക്റ്റിവ് തുടങ്ങി മറ്റു വിഭാഗങ്ങളിൽ നിന്നും ഓരോ ചിത്രങ്ങൾ വീതവുമാണ് ആറാം ദിനം പ്രദർശിപ്പിക്കുക.

ഗാരിൻ നുഗ്രോഹോ സംവിധാനം ചെയ്ത, 1930കളിലെ ബാലി പശ്ചാത്തലമാക്കിയ 'സംസാര'യുടെ ആദ്യ പ്രദർശനം ഇന്ന് (ബുധൻ) 3:15ന് ശ്രീ തിയറ്ററിൽ ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ നടക്കും. അദ്ദേഹത്തിൻ്റെ മറ്റു ചിത്രങ്ങളായ 'വിസ്പേഴ്സ് ഇൻ ഡബ്ബാസ്' ഏരീസ് പ്ലക്‌സിലും 'ബേർഡ്മാൻ ടെയ്ൽ' അജന്തയിലും പ്രദർശനത്തിനുണ്ട്.

കല, ജീവിതം, വർഗസമരം, അഴിമതി, വിഭജനം എന്നിവ ചർച്ച ചെയ്യുന്ന ഋത്വിക് ഘട്ടക്ക് ചിത്രം 'കോമൾ ഗന്ധാർ' (1961) റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ന്യൂ തിയേറ്റർ സ്ക്രീൻ മൂന്നിൽ വൈകുന്നേരം 3.30ന് പ്രദർശിപ്പിക്കും. പലസ്തീൻ പാക്കേജിലെ 'വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ' ന്യൂ തിയേറ്റർ സ്ക്രീൻ രണ്ടിൽ രാത്രി 8.30നും പലസ്തീൻ ബാലൻ്റെ കഥ പറയുന്ന ഷായ്കർമ്മേലി പൊള്ളാക്കിൻ്റെ ഇസ്രയേലി ചിത്രം 'ദി സീ' ശ്രീ തിയറ്ററിൽ വൈകിട്ട് 6:15ന് പലസ്തീൻ ഫിലിം വിഭാഗത്തിലും പ്രദർശിപ്പിക്കും.

ആനിമേഷൻ ഫിലിം വിഭാഗത്തിൽ 'അല്ലാഹ് ഈസ് നോട്ട് ഒബ്ലൈജ്ഡ്' എന്ന ഫ്രാൻസ്-ഗിനിയ ചിത്രവും പാസ്റ്റ് ലൈഫ് അച്ചീവ്മെന്റ് വിഭാഗത്തിൽ ഇറാനിയൻ നവതരംഗ സിനിമയ്ക്ക് ശക്തമായ അടിത്തറ നൽകിയ ദാരിയുഷ് മെഹർജുയിയുടെ 'ലൈല'യും, രാജീവ്നാഥിന്റെ ദേശീയ അവാർഡ് ചിത്രം 'ജനനി'യും പ്രദർശിപ്പിക്കും. മുൻ വർഷങ്ങളിൽ സുവർണചകോരം നേടിയ മൊറോക്കൻ ക്രൈം ഡ്രാമ ‘അലി സോവ: പ്രിൻസ് ഓഫ് ദി സ്ട്രീറ്റ്‌സ്’ നിള തീയേറ്ററിൽ വൈകിട്ട് 6.15നും മെക്സിക്കൻ ചിത്രം 'പാർക്കി വിയ' ന്യൂ തീയേറ്ററിലെ മൂന്നാം സ്ക്രീനിലും പ്രദർശിപ്പിക്കും.

അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ തന്തപ്പേര്, ദി എൽഷ്യൻ ഫീൽഡ്, മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പെണ്ണും പൊറാട്ടും, കാത്തിരിപ്പ്, ഒരു അപസർപ്പക കഥ, എബ്ബ് എന്നിവയും ഫെസ്റ്റിവൽ ഫേവറൈറ്റ് ചിത്രങ്ങളായ ദി പ്രസിഡന്റ്സ് കേക്ക്, ബുഗോണിയ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. പ്രശസ്ത വിയറ്റ്നാം ചലച്ചിത്രകാരനും ജൂറി അംഗവുമായ ബൂയി താക് ചുയെൻ പങ്കെടുക്കുന്ന സംഭാഷണം ഉച്ച 2.30ന് നിള തിയേറ്ററിൽ നടക്കും.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്