ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ പൊതുപരിപാടികളിൽ നിന്നും താരം കുറച്ച് കാലമായി വിട്ട്നിൽക്കുകയായിരുന്നു

ആരോഗ്യപ്രശ്നങ്ങൾ മൂലം സിനിമയിൽ നിന്നും താത്കാലികമായി ഇടവേളയെടുത്ത മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവ് ഇന്നലെയാണ് ഔദ്യോഗികമായി സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്. ഇതിന് പിന്നാലെ മലയാള സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം മമ്മൂട്ടിക്ക് ആശംസകളുമായി എത്തി. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ട് തന്നെ പൊതുപരിപാടികളിൽ നിന്നും താരം കുറച്ച് കാലമായി വിട്ട്നിൽക്കുകയായിരുന്നു.

ഇപ്പോഴിതാ വ്യത്യസ്തമായ ഒരു ആശംസയുമായി എത്തിയിരിക്കുകയാണ് 'അമുൽ'. മുൻപ് സിനിമ ചിത്രീകരണത്തിനിടെയുള്ള ഇടവേളയിൽ ചായ കുടിക്കുമ്പോൾ ചായ ഗ്ലാസ് കാലിൽ വെച്ചുകൊണ്ട് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം വളരെ വൈറലായിരുന്നു. മമ്മൂട്ടിയുടെ മാസും സ്വാഗും ഈ പ്രായത്തിലും എങ്ങുംപോയിട്ടില്ലെന്നായിരുന്നു അന്ന് വന്ന കമന്റുകൾ. ഇപ്പോഴിതാ അതിനെ മറ്റൊരു തരത്തിൽ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് അമുൽ. കേരളം കാത്തിരുന്ന കംബാക്ക് എന്ന തലക്കെട്ടോടെ മമ്മൂട്ടിയുടെ കാലിൽ ചായ ഗ്ലാസ് ഇരിക്കുന്ന ചിത്രമാണ് അമുൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മമ്മൂട്ടി ഉടന്‍ തന്നെ സിനിമകളില്‍ സജീവമാകുമെന്ന് അദ്ദേഹത്തിന്‍റെ പിആര്‍ഒ റോബര്‍ട്ട് കുര്യാക്കോട് ഇന്നലെ പറഞ്ഞിരുന്നു. മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റിന്റെ സെറ്റിലേക്ക് ആയിരിക്കും മമ്മൂട്ടി ആദ്യമെത്തുക എന്നും പറയുന്നു. അതേസമയം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവൽ' ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാൻ പോവുന്ന പുതിയ ചിത്രം. സയനൈഡ് മോഹൻ എന്ന ഗ്രേ ഷെയ്‌ഡുള്ള കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. വിനായകനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്ക ആയിരുന്നു ഏറ്റവും അവസാനം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News