ട്രെയിലറുകൾ കണ്ട് സിനിമകളെ വിലയിരുത്താനാവില്ലെന്ന് സിനിമാ നിരൂപകൻ അശ്വന്ത് കോക്ക്. ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ സെലക്ടീവാണെന്നും ദിലീപിന്റെ പുതിയ സിനിമയുടെ ട്രെയിലർ താൽപ്പര്യം ജനിപ്പിച്ചില്ലെങ്കിലും ചിത്രം കണ്ടേ അഭിപ്രായം പറയാനാകൂ കോക്ക് പറഞ്ഞു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതനാണ് അശ്വന്ത് കോക്ക്. സിനിമാ റിവ്യൂകൾ ചെയ്ത് ശ്രദ്ധനേടിയ അശ്വന്ത് കോക്കിന് ഒട്ടനവധി ഫോളോവേഴ്സുമുണ്ട്. പലപ്പോഴും നെഗറ്റീവ് റിവ്യൂകളുടെ പേരിൽ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ സിനിമാ ഇന്റസ്ട്രിയിൽ നിന്നടക്കം അശ്വന്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താൻ ട്രെയിലറുകൾക്ക് അപൂർവ്വമായി മാത്രമെ റിവ്യൂ പറയാറുള്ളുവെന്നും ട്രെയിലർ കണ്ട് സിനിമയെ വിലയിരുത്താനാകില്ലെന്നും അശ്വന്ത് കോക്ക് പറയുന്നു.
"ട്രെയിലർ മോശമായ സിനിമകളൊക്കെ തിയറ്ററിൽ വന്നപ്പോൾ ഭയങ്കര എക്സ്പീരിയൻസ് ആയിരുന്നു. ട്രെയിലർ കണ്ട സമയത്ത് ദൃശ്യം പൊട്ടും എന്ന് വിചാരിച്ചതാണ്. ഇവിടെ സ്വർഗമാണ് പടം പോലെയാണെന്നാണ് വിചാരിച്ചത്. പടം കണ്ടപ്പോൾ കിളിപാറിപോയി. അതുകൊണ്ട് ട്രെയിലറുകൾ വച്ച് ഞാൻ സിനിമകളെ പ്രെഡിക്ട് ചെയ്യാറില്ല. റിവ്യൂകൾ ചെയ്യുന്നതിന് മുന്നോടിയായൊന്നും ഞാൻ ചെയ്യാറില്ല. സിനിമ കണ്ട ശേഷമാണ് എല്ലാം", എന്ന് അശ്വന്ത് കോക്ക് പറയുന്നു. വെറൈറ്റി മീഡിയയോട് ആയിരുന്നു പ്രതികരണം.
ധ്യാൻ ശ്രീനിവസനെ കുറിച്ചും അശ്വന്ത് സംസാരിച്ചു. "ധ്യാനുമായി ഞാൻ നല്ല ടേംസിലാണ്. നമ്മളെ മനസിലാവും. പുള്ളിയുടെ സിനിമ ഇറങ്ങിയിട്ടുണ്ടോ എന്ന് പുള്ളിക്ക് തന്നെ അറിയില്ല. മുൻപ് അതേകുറിച്ച് ബോതേർഡ് അല്ല. ഇപ്പോഴങ്ങനെ അല്ല. ഇപ്പോൾ കുറച്ചായിട്ട് ധ്യാനിനെ മിസ് ചെയ്യുന്നുണ്ട്. കൊവിഡ് സമയത്ത് ചെയ്തുവച്ച സിനിമകളാണ് റിലീസ് ചെയ്തോണ്ടിരുന്നത്. നിലവിൽ സെലക്ടീവായിട്ടാണ് സിനിമകൾ ചെയ്യുന്നത്. ധ്യാനിന്റെ നല്ല സിനിമകൾ വളരെ അപൂർവ്വമാണ്", എന്ന് അശ്വന്ത് പറയുന്നു. കേസിന്റെ രീതിയൊക്കെ വച്ചിട്ടാണെങ്കിൽ ദിലീപിന് കംബാക്കിന് പറ്റിയ സിനിമയാണ് ഭഭബയെന്നും ട്രെയിലർ കണ്ടിട്ട് തനിക്ക് അത്ര താല്പര്യം തോന്നിയില്ലെന്നും സിനിമ കണ്ടാലേ എന്തെങ്കിലും പറയാനാകൂവെന്നും അശ്വന്ത് പറയുന്നുണ്ട്.



