"ദൃശ്യം സത്യം പറഞ്ഞാൽ അദ്ദേഹത്തിന് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ, ആ സമയത്ത് കുറച്ച് കമ്മിറ്റ്സ്മെന്റും ഉണ്ടായിരുന്നു."

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ജീത്തു ജോസഫിൽ നിന്നും എപ്പോഴും ദൃശ്യം പോലെയൊരു മികച്ച ത്രില്ലർ സിനിമ പ്രതീക്ഷിക്കാറുണ്ട്. ഇപ്പോഴിതാ ത്രില്ലർ സിനിമകളുടെ കഥകളാണ് തനിക്ക് ഇപ്പോഴും വരാറുള്ളതെന്ന് പറയുകയാണ് ജീത്തു ജോസഫ്. എന്നാൽ കഥ കേട്ട് കുറച്ച് കാലം കഴിഞ്ഞപ്പോൾ തനിക്ക് മടുപ്പ് ആയെന്നും കഥ കേൾക്കാനായി ഒരു ടീമിനെ വെച്ചുവെന്നും ജീത്തു ജോസഫ് പറയുന്നു. തന്റെ പുതിയ ചിത്രമായ 'മിറാഷി'ന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു ജീത്തു ജോസഫിന്റെ പ്രതികരണം.

"ത്രില്ലറുകളുടെ ഘോഷയാത്രയാണിപ്പോൾ എന്റെ അടുത്തേക്ക് വരുന്നത്. ഞാൻ ചെയ്ത ത്രില്ലറുകളുടെയും മറ്റ് ത്രില്ലറുകളുടെയും കോമ്പിനേഷൻസ് എല്ലാം കയറി വരും. കഥ കേട്ട് കേട്ട്, കുറച്ചുകാലം കഴിഞ്ഞപ്പോൾ മടുപ്പായി. അതുകഴിഞ്ഞപ്പോൾ ഞാനൊരു ടീമിനെ വച്ചു. 

കുറച്ചു കഴിഞ്ഞപ്പോൾ അവർക്കും. ഇത് കേട്ട് കഴിയുമ്പോൾ നമുക്ക് മടുപ്പായി പോകും. എന്റെ മോളും അതിനകത്തുണ്ട്. മമ്മൂട്ടിയെ നായകാനാക്കാൻ എനിക്ക് ആ​ഗ്രഹമുണ്ട്. മെമ്മറീസ്, ദൃശ്യം ഇതൊക്കെ അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടു ചെന്നതാണ്. ദൃശ്യം സത്യം പറഞ്ഞാൽ അദ്ദേഹത്തിന് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ, ആ സമയത്ത് കുറച്ച് കമ്മിറ്റ്സ്മെന്റും ഉണ്ടായിരുന്നു, അതുപോലെ ഫാദർ റോളുകളും കുറേ ചെയ്തിട്ട് നിൽക്കുകയായിരുന്നു അദ്ദേഹം. അപ്പോൾ ഒന്നൊര- രണ്ട് വർഷത്തിനുള്ളിൽ നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തോളാൻ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അദ്ദേഹവുമായി ഒരു സിനിമ ചെയ്യണമെന്ന് എനിക്കും വലിയ ആ​ഗ്രഹമുണ്ട്. അദ്ദേഹത്തിന് പറ്റുന്ന ഒരു കാരക്ടർ വന്നാൽ തീർച്ചയായും ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് തന്നെ ചെല്ലും." ജീത്തു ജോസഫ് പറഞ്ഞു. അതേസമയം ബിജു മേനോൻ ചിത്രം വലതു വശത്തെ കള്ളൻ, ആസിഫ് അലി- അപർണ ബാലമുരളി ഒന്നിക്കുന്ന മിറാഷ് എന്നീ ചിത്രങ്ങളാണ് ജീത്തു ജോസഫിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ.

മിറാഷ് തിയേറ്ററുകളിലേക്ക്

കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട 'കിഷ്കിന്ധാകാണ്ഡം' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി- അപർണ ബാലമുരളി കോംബോയും ചിത്രത്തിലൂടെ ഒന്നിക്കുന്നു. ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖചിത്ര'വും ബോക്സ്ഓഫിസിൽ വൻ ഹിറ്റായിരുന്നു. ദൃശ്യം സീരീസ് ഉൾപ്പെടെയുള്ള സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്ക് പോസ്റ്ററും ഏവരും ഏറ്റെടുത്തിരുന്നു. ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങൾ.

ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റ‍ര്‍: വി.എസ്. വിനായക്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, കോസ്റ്റ്യൂം ഡിസൈനർ: ലിന്‍റാ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: അമൽ ചന്ദ്രൻ, വി എഫ് എക്സ് സൂപ്പർവൈസർ: ടോണി മാഗ്‌മിത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, ഗാനരചന വിനായക് ശശികുമാർ, ഡിഐ ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ സിനോയ് ജോസഫ്, പിആർഒ ആതിര ദിൽജിത്ത്, മാർക്കറ്റിങ് ടിങ്.

വലതുവശത്തെ കള്ളൻ

ആഗസ്റ്റ് സിനിമ യുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് വലതുവശത്തെ കള്ളൻ നിർമ്മിക്കുന്നത്. ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം . സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.

സമൂഹത്തിലെ വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അരങ്ങേറുന്ന സംഘർഷങ്ങളാണ് ഇമോഷണൽ ഡ്രാമയായി പൂർണ്ണമായും ത്രില്ലർ ജോണറിൽ ജീത്തു ജോസഫ് അവതരിപ്പിക്കുന്നത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്‍തിരുന്നു ഡിനു തോമസ്.

സംഗീതം -വിഷ്‍ണു ശ്യാം. ഛായാഗ്രഹണം - സതീഷ് കുറുപ്പ്. എഡിറ്റിംഗ്- വിനായക് 'കലാസംവിധാനം. പ്രശാന്ത് മാധവ് മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു. സ്റ്റിൽസ് - സബിത്ത് ' ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ് 'പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് (അപ്പു), അനിൽ ജി നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. പിആര്‍ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News