ബാഹുബലി രണ്ടാം ഭാഗത്തിനായി സിനിമാലോകം വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഷൂട്ടിംഗ് അവസാനഘട്ടത്തിലാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നവംബറിൽ ചിത്രീകരണം പൂർത്തിയാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പ്രഭാസിന്റെ പിറന്നാൾ ദിവസമാണ് പുറത്തുവിടുന്നത്.

2015ലെ വമ്പൻ ഹിറ്റ് ചിത്രം. രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിലുപരി സാങ്കേതിക തികവൊത്ത ദൃശ്യ വിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിൽ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബറിൽ ഇത് പൂർത്തിയാക്കി സംവിധായകൻ എസ് എസ് രാജമൗലി പാക്ക് അപ് പറയുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ബാഹുബലിയേക്കാൾ അതിശയിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങൾ ബാഹുബലി ദ കണ്‍ക്ലൂഷനില്‍ പ്രതീക്ഷിക്കാം. അത് ഏറ്റവും മികച്ചതാക്കുന്നതിനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് വിശദീകരിക്കുന്ന ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു. ചിത്രീകരണ സമയത്ത് ഒരു ഭാഗവും ചോരാതിരിക്കാൻ അണയറപ്രവർത്തർ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നത് പോലും വിലക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ എന്തെങ്കിലും ഒരു ഭാഗം പുറത്തുവരുന്നത് കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് ആരാധകർ. കാത്തിരിപ്പ് അധികം നീളില്ലെന്നാണ് റിപ്പോർട്ടുകൾ. അടുത്ത മാസം 23നാണ് പ്രഭാസിന്റെ ജന്മദിനം. അന്ന് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിടുമെന്നാണ് സൂചന. 130 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ നേടിയത് 600 കോടി രൂപയായിരുന്നു. അടുത്ത വർഷം ഏപ്രിൽ 28ന് ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് പ്രഖ്യാപനം.