ദില്ലി: ജനുവരി 25ന് പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്ന പദ്മാവതിനെ ചുറ്റിയുളള വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അവസാനമില്ല. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ചിറ്റോറില്‍ രജ്പുത് വനിതകളുടെ മഹാറാലി. 

200 ഓളം സ്ത്രീകളാണ് വാളുമേന്തി ചിറ്റഗോറില്‍ റാലി നടത്തിയത്. രാജ്യമൊട്ടാകെ ചിത്രം നിരോധിക്കുക, അല്ലാത്തപക്ഷം തങ്ങളെ മരിക്കാനാനുവദിക്കുക എന്നതായിരുന്നു റാലിയുടെ മുദ്രാവാക്യം. ജൗഹര്‍ ക്ഷത്രാണി മഞ്ച്, രജ്പുത് കര്‍ണി സേന, ജൗഹര്‍ സ്മൃതി സന്‍സ്താന്‍, എന്നിവരുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. 

ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജസ്ഥാന്‍ ഗവര്‍ണര്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി എന്നിവരെ ഇക്കാര്യം അറിയിക്കാന്‍ നിവേദനം സമര്‍പ്പിച്ചു. വനിതാ പ്രതിനിധികള്‍ നിവേദനം സമര്‍പ്പിച്ചതായി ചിറ്റോര്‍ സബ്ഡിവിഷണല്‍ ഓഫീസര്‍ സുരേഷ് കുമാര്‍ പറഞ്ഞു.

രജ്പുത് വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ചാണ് പദ്മാവതിനെതിരെ ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ചിറ്റോര്‍ കോട്ടയില്‍നിന്നാണ് റാലി ആരംഭിച്ചത്. 

ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. ചിത്രീകരണവേളയില്‍ രണ്ട് തവണ കര്‍ണിസേന സെറ്റ് ആക്രമിക്കുകയും ചെയ്തിരുന്നു. പദ്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുക വരെയുണ്ടായി.

പദ്മാവതി പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ നിവേദനങ്ങളും സമര്‍പ്പിച്ചിരുന്നു.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും 'പദ്മാവതി'ന് വാര്‍ത്താപ്രാധാന്യം. നേടികൊടുത്തിരുന്നു.