2018 ലെ പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം

മലയാള സിനിമ കാണാന്‍ തിയറ്ററുകളില്‍ ആളില്ലെന്ന ആശങ്കകള്‍ക്കിടെ കാര്യമായി പ്രൊമോഷന്‍ ഇല്ലാതെ തിയറ്ററുകളില്‍ എത്തുക. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയില്‍ തന്നെ വന്‍ പോസിറ്റീവ് അഭിപ്രായം നേടുക. അത് സോഷ്യല്‍ മീഡിയയില്‍ പരക്കുക. വൈകുന്നേരത്തോടെ കേരളം മുഴുവന്‍ ഹൗസ്‍ഫുള്‍ ഷോകളാല്‍ നിറയുക. മലയാള ചലച്ചിത്ര ലോകത്തിന് മാസങ്ങളായി ഉണ്ടായിരുന്ന ആശങ്ക വെറും മൂന്ന് ദിവസങ്ങളില്‍ അകറ്റിയിരിക്കുകയാണ് ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത 2018.

കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമാക്കിയിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച സ്ക്രീന്‍ കൗണ്ടോടെ ആയിരുന്നു റിലീസ് എങ്കിലും മള്‍ട്ടിപ്ലെക്സുകളിലൊക്കെ താരതമ്യേന ചെറിയ സ്ക്രീനുകളിലാണ് ചിത്രം രാവിലെ പ്രദര്‍ശനം ആരംഭിച്ചത്. എന്നാല്‍ വന്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ വൈകുന്നേരത്തോടെ മള്‍ട്ടിപ്ലെക്സുകളെല്ലാം തങ്ങളുടെ ഏറ്റവും വലിയ സ്ക്രീനുകളിലേക്ക് ചിത്രം മാറ്റി. എന്നിട്ടും ഫസ്റ്റ് ഷോയ്ക്കും സെക്കന്‍റ് ഷോയ്ക്കും ടിക്കറ്റ് ലഭിക്കാതെ മടങ്ങിയ നിരവധി പേരുണ്ടായിരുന്നു. ഇതോടെ കേരളമെമ്പാടും നിരവധി അഡീഷണല്‍ ഷോകളും ചാര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ശനിയാഴ്ചയും ഞായറാഴ്ചയും തുടര്‍ന്നു. ശനിയാഴ്ച 2018 ന് കേരളത്തില്‍ 67 അഡീഷണല്‍ ഷോകളാണ് ഉണ്ടായതെങ്കില്‍ ഞായറാഴ്ച ആ സംഖ്യയും വര്‍ധിച്ചു. 86 എക്സ്ട്രാ ഷോകളാണ് ഞായറാഴ്ച നടന്നത്.

Scroll to load tweet…

കളക്ഷനില്‍ റിലീസ് ദിനം മുതലിങ്ങോട്ട് ഓരോ ദിവസവും കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട് ചിത്രം. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 1.85 കോടി ആയിരുന്നെങ്കില്‍ രണ്ടാം ദിനമായ ശനിയാഴ്ച നേടിയത് 3.2- 3.5 കോടി ആയിരുന്നു. ഇതിനെയൊക്കെ മറികടന്നാണ് ഞായറാഴ്ചത്തെ നേട്ടം. 4 കോടിയിലേറെയാണ് ഞായറാഴ്ച കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയതെന്നാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ആദ്യ വാരാന്ത്യ കളക്ഷന്‍ 10 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ബോക്സ് ഓഫീസ് പരിഗണിച്ചാല്‍ ആകെയുള്ള ഓപണിംഗ് വീക്കെന്‍ഡ് ഗ്രോസ് 18 കോടിയിലേറെ വരുമെന്നും. മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഓപണിംഗ് കളക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടും 2018.

ALSO READ : ടോപ്പ് 5 ല്‍ എത്തുന്നത് ആരൊക്കെ? തന്‍റെ ബി​ഗ് ബോസ് പ്രവചനം പറഞ്ഞ് ഒമര്‍ ലുലു