ജയറാം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം

പരാജയങ്ങള്‍ തുടര്‍ച്ചയായതോടെ മലയാളത്തില്‍ ഏറെ ശ്രദ്ധയോടെ സിനിമകള്‍ സ്വീകരിച്ചാല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു ജയറാം. മലയാളത്തില്‍ അദ്ദേഹം ചെറിയ ഇടവേളയും അത്തരത്തില്‍ എടുത്തിരുന്നു. എന്നാല്‍ ഇതരഭാഷകളില്‍ നിന്നുള്ള പ്രധാന പ്രോജക്റ്റുകളില്‍ ഇക്കാലയളവില്‍ ജയറാമിനെ കാണാനും സാധിച്ചു. ഇപ്പോഴിതാ മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്‍ലറിലൂടെ ജയറാം മലയാളത്തിലും വിജയം കണ്ടെത്തിയിരിക്കുകയാണ്, വലിയൊരു ഇടവേളയ്ക്കു ശേഷം.

ജയറാം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച അബ്രഹാം ഓസ്‍ലര്‍ ജനുവരി 11 നാണ് തിയറ്ററുകളില്‍ എത്തിയത്. മികച്ച സ്ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം ഗംഭീരമെന്ന അഭിപ്രായമൊന്നും നേടിയില്ലെങ്കിലും ഭേദപ്പെട്ട ചിത്രമെന്ന മൗത്ത് പബ്ലിസിറ്റി നേടാനായി. ഇത് ബോക്സ് ഓഫീസിലും പ്രതിഫലിച്ചു. മമ്മൂട്ടിയുടെ അതിഥിവേഷവും ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് യാത്രയില്‍ ഗുണകരമായ ഘടകമാണ്. നാലാം വാരത്തിലും മികച്ച സ്ക്രീന്‍ കൗണ്ട് ഉള്ള ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തെത്തിയിട്ടുണ്ട്.

25 ദിവസത്തെ കളക്ഷന്‍ കണക്കുകളാണ് പുറത്തെത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്ന് 24.4 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 15.65 കോടിയും ചിത്രം നേടിയിട്ടുണ്ടെന്ന് വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 40 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. നാലാം വാരം കേരളത്തില്‍ 144 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വൈഡ് റിലീസിംഗിന്‍റെ ഇക്കാലത്ത് മികച്ച സ്ക്രീന്‍ കൗണ്ട് ആണ് ഇത്. 2022 ല്‍ പുറത്തെത്തിയ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാം നായകനായെത്തിയ ചിത്രമാണിത്. അതേസമയം ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിയിട്ടില്ല.

ALSO READ : 'പുഷ്‍പ 2' ന് മുന്‍പേ ഒരു അല്ലു അര്‍ജുന്‍ ചിത്രത്തിന് കേരളത്തില്‍ റിലീസ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം