ബ്രാഡ് പിറ്റ് നായകനായ 'എഫ് 1' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റ് നായകനായ 'എഫ് 1' എന്ന ഫോർമുല വൺ റേസിംഗ് സിനിമ ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ തകർപ്പൻ പ്രകടനം നടത്തുകയാണ്. ആപ്പിൾ ഒറിജിനൽ ഫിലിംസിന്റെ ഈ ബിഗ്-ബജറ്റ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ 144 മില്യൺ ഡോളറിന്റെ (ഏകദേശം 1200 കോടി രൂപ) ഓപ്പണിംഗ് കളക്ഷൻ നേടിയെന്നാണ് വിവരം. ആപ്പിളിന്‍റെ വിനോദ നിര്‍മ്മാണ രംഗത്തെ ഏറ്റവും വലിയ തീയറ്റർ ഹിറ്റായി മാറിയിരിക്കുകയാണ് ചിത്രം.
'ടോപ് ഗൺ: മാവെറിക്' എന്ന ചിത്രത്തിന്റെ സംവിധായകൻ ജോസഫ് കോസിന്സ്കി സംവിധാനം ചെയ്ത ഈ ചിത്രം 78 അന്താരാഷ്ട്ര വിപണികളിൽ 88.4 മില്യൺ ഡോളറും യുഎസിൽ 55.6 മില്യൺ ഡോളറും നേടി. പ്രതീക്ഷകളെ മറികടന്ന് ബോക്സ് ഓഫീസിൽ മുന്നേറുകയാണ്.
ഇന്ത്യയിൽ, ചിത്രം ആദ്യ ദിനം 5.5 കോടി രൂപയും രണ്ടാം ദിനം 8.5 കോടി രൂപയും നേടിയ ചിത്രം 14 കോടി രൂപയുടെ കളക്ഷൻ നേടി. ഇംഗ്ലീഷ് പതിപ്പാണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകൾക്കും മികച്ച പ്രതികരണം ലഭിച്ചു.
ബ്രാഡ് പിറ്റ് അവതരിപ്പിക്കുന്ന സോണി ഹെയ്സ് എന്ന റിട്ടയേർഡ് ഫോർമുല വൺ ഡ്രൈവറുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഡാംസൺ ഇഡ്രിസ്, ജാവിയർ ബാർഡെം, കെറി കോണ്ടൻ, ലൂയിസ് ഹാമിൽട്ടൺ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഫോർമുല വൺ ഓഫീഷ്യല്‍സുമായി സഹകരിച്ച് നിർമിച്ച ഈ ചിത്രം, ലാസ് വെഗാസ്, സിൽവർസ്റ്റോൺ, മോൺസ എന്നിവിടങ്ങളിലെ യഥാർത്ഥ റേസിംഗിനിടെയാണ് ചിത്രീകരിച്ചത്.
200 മില്യൺ ഡോളറിലധികം ബജറ്റിൽ നിർമിച്ച 'എഫ് 1', ആപ്പിളിന്റെ മുൻ ചിത്രങ്ങളായ 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ' (23.2 മില്യൺ ഡോളർ), 'നെപ്പോളിയൻ' (20.6 മില്യൺ ഡോളർ) എന്നിവയെ മറികടന്ന് കമ്പനിയുടെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയിരിക്കുകയാണ്
ചിത്രത്തിന്‍റെ ഐമാക്സ് പതിപ്പ് മാത്രം ആഗോളതലത്തില്‍ 27.7 മില്യൺ ഡോളറിന്റെ കളക്ഷൻ നേടി, ആഗോള ബോക്സ് ഓഫീസിന്റെ ഐമാക്സില്‍ ചിത്രം 19.2% വിഹിതം സ്വന്തമാക്കി. ചൈനയിൽ 9 മില്യൺ ഡോളറും യുകെയിൽ 9.2 മില്യൺ ഡോളറും ഉൾപ്പെടെ യൂറോപ്പ്, ലാറ്റിനമേരിക്ക, ഏഷ്യ-പസഫിക് മേഖലകളിലെ ഫോർമുല വൺ ആരാധകർ ചിത്രത്തിന് വൻ സ്വീകരണമാണ് നൽകിയത്.
ബോക്സ് ഓഫീസിൽ 200 മില്യൺ ഡോളറിലധികം ബജറ്റ് തിരിച്ചുപിടിക്കാൻ ചിത്രത്തിന് ഇനിയും ദൂരം പോകാനുണ്ടെങ്കിലും, മികച്ച പ്രേക്ഷക-നിരൂപക പ്രതികരണങ്ങൾ 'എഫ് 1' വിജയം നേടുമെന്നാണ് വിലയിരുത്തല്‍ വരുന്നത്.


