വിക്കി കൗശലിന്റെ ഛാവ 2025-ലെ ആദ്യ ബോളിവുഡ് ബ്ലോക്ക്ബസ്റ്ററായി ബോക്സ് ഓഫീസിൽ മുന്നേറുന്നു. ചിത്രം മൂന്നാം വാരത്തിൽ 566.5 കോടി രൂപ കളക്ഷൻ നേടി റെക്കോഡുകൾ തകർക്കുന്നു.

മുംബൈ: 2025-ലെ ആദ്യ ബോളിവുഡ് ബ്ലോക്ക്ബസ്റ്ററായി മാറിയ ഛാവ വിക്കി കൗശലിന്‍റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും രശ്മിക മന്ദാനയുടെ മൂന്നാമത്തെ ഏറ്റവും ഉയർന്ന ഗ്രോസറായും മാറിയിരിക്കുകയാണ് നിലവില്‍. ഛാവ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ, ചിത്രം ബോക്‌സ് ഓഫീസിൽ ശക്തമായ പ്രകടനം തുടരുകയാണ്. 

ട്രേഡ് ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, മൂന്നാം ശനിയാഴ്ച ചിത്രം ബോക്‌സ് ഓഫീസ് കളക്ഷനിൽ 65.38 ശതമാനം വർദ്ധനവ് നേടി 21.75 കോടി രൂപ നേടി. 434.25 കോടി രൂപയാണ് ചിത്രത്തിന്‍റെ ഇന്ത്യയില്‍ നിന്നുള്ള മൊത്തം കളക്ഷൻ. ലോകമെമ്പാടുമായി 566.5 കോടി രൂപയാണ് ചിത്രം നേടിയത്.

അടുത്ത് ബോളിവുഡില്‍ വലിയ റിലീസുകളൊന്നുമില്ലാത്തതിനാൽ സമീപകാല ബ്ലോക്ക്ബസ്റ്ററുകളുടെ റെക്കോഡുകള്‍ തകര്‍ത്ത് ഛാവ മുന്നേറും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. 130 കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇതിനകം തന്നെ വന്‍ ലാഭമാണ് ഉണ്ടാക്കുന്നത് എന്നാണ് വിവരം. 

ഇന്ത്യയിലുടനീളം 5616 ഷോകളാണ് ഛാവയ്ക്ക് മൂന്നാം ശനിയാഴ്ച ഉണ്ടായിരുന്നത്. തീയറ്റര്‍ ഒക്യുപെന്‍സി 28.86 ശതമാനമായിരുന്നു. 36 ഷോകളില്‍ 67 ശതമാനവുമായി ചെന്നൈയിലാണ് ചിത്രത്തിന് ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത്. 

ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവ . മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന സിനിമയാണ്. ചരിത്രപരമായ പശ്ചാത്തലവും മഹാരാഷ്ട്രയിലെ സാംഭാജിയുടെ കഥയ്ക്കുള്ള ജനപ്രീതിയും കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മഡ്ഡോക്ക് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സമീപകാലത്തെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ചിത്രമായും ഛാവ അടുത്തിടെ മാറിയിരുന്നു. 

ദം​ഗല്‍, ജയിലര്‍, ലിയോ വീണു! ബോക്സ് ഓഫീസില്‍ അപൂര്‍വ്വ നേട്ടവുമായി 'ഛാവ'

ഛാവയുടെ പ്രദര്‍ശനത്തിനിടെ തിയറ്ററില്‍ തീപിടുത്തം, സ്‍ക്രീനിന്റെ മുകള്‍വശവും കത്തി നശിച്ചു- വീഡിയോ