27-നായിരുന്നു ഈ രാജ്യങ്ങളിലെ റിലീസ്

ആഗോള തലത്തില്‍ മലയാള സിനിമയുടെ വൈഡ് റിലീസിംഗില്‍ നാഴികക്കല്ല് സൃഷ്‍ടിച്ച ചിത്രമായിരുന്നു പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫര്‍. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായി 2019ല്‍ പുറത്തെത്തിയ ചിത്രം മലയാള സിനിമയുടെ പരമ്പരാഗത വിദേശ മാര്‍ക്കറ്റുകള്‍ക്ക് പുറത്തേക്കും പോയിരുന്നു. മലയാള സിനിമ ഇന്നേവരെ എത്തിയിട്ടില്ലാത്ത നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലേക്കൊക്കെ ലൂസിഫര്‍ എത്തിയിരുന്നു. ലൂസിഫര്‍ തെളിച്ച വഴിയേ മലയാളത്തിലെ പില്‍ക്കാല ബിഗ് റിലീസുകളൊക്കെ എത്തുന്നുണ്ട്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാവുകയാണ് പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ 'ഹൃദയം' (Hridayam). വിദേശ രാജ്യങ്ങളില്‍ ലൂസിഫറിനോളം സ്ക്രീന്‍ കൗണ്ട് അവകാശപ്പെടാനില്ലെങ്കിലും പല മാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. കൊവിഡ് സാഹചര്യത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന കളക്ഷനാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് കളക്ഷനുകളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

ഓസ്ട്രേലിയയില്‍ 34 സ്ക്രീനുകളിലും ന്യൂസിലന്‍ഡില്‍ 21 സ്ക്രീനുകളിലുമാണ് ഹൃദയം പ്രദര്‍ശനമാരംഭിച്ചിരിക്കുന്നത്. ഈ മാസം 21ന് കേരളത്തിലെ തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് റിലീസ് 27ന് ആയിരുന്നു. ഓസ്ട്രേലിയയില്‍ പരിമിതമായ സ്ക്രീനുകളില്‍ മാത്രമായിരുന്നു വ്യാഴാഴ്ചത്തെ റിലീസ്. എന്നാല്‍ വെള്ളിയാഴ്ച ചാര്‍ച്ച് ചെയ്യപ്പെട്ട എല്ലാ സ്ക്രീനുകളിലും ചിത്രമെത്തി. വ്യാഴാഴ്ച 2,760 ഓസ്ട്രേലിയന്‍ ഡോളറും വെള്ളിയാഴ്ച 53,836 ഓസ്ട്രേലിയന്‍ ഡോളറുമാണ് ചിത്രം നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് അറിയിക്കുന്നു. ഓസ്ട്രേലിയയില്‍ നിന്നുള്ള രണ്ട് ദിവസത്തെ ഓപണിംഗ് 53,836 ഓസ്ട്രേലിയന്‍ ഡോളര്‍ ആണ്. അതായത് 28.22 ലക്ഷം ഇന്ത്യന്‍ രൂപ. 

ന്യൂസിലന്‍ഡില്‍ വ്യാഴാഴ്ച ചിത്രം 12,905 ന്യൂസിലന്‍ഡ് ഡോളറും വെള്ളിയാഴ്ച 14,594 ന്യൂസിലന്‍ഡ് ഡോളറുമാണ് ചിത്രം നേടിയത്. രണ്ട് ദിവസത്തെ ആകെ കളക്ഷന്‍ 27,499 ന്യൂസിലന്‍ഡ് ഡോളര്‍. അതായത് 13.49 ലക്ഷം ഇന്ത്യന്‍ രൂപ. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ഓപണിംഗ് 41.7 ലക്ഷം രൂപ. കൊവിഡ് കാലത്ത് ഈ മാര്‍ക്കറ്റുകളില്‍ ഒരു മലയാള ചിത്രം നേടുന്ന മികച്ച കളക്ഷനാണ് ഇത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ചിത്രം നേട്ടം ആവര്‍ത്തിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടല്‍.

Scroll to load tweet…

'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍ പുതിയ ചിത്രവുമായി എത്തുന്നത്. അരുണ്‍ നീലകണ്ഠന്‍ എന്ന യുവാവിന്‍റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. രണ്ട് നായികമാരാണ് ചിത്രത്തില്‍. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രം നേടിയത്.