ധനുഷ് നായകനായ 'കുബേര' ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. മൂന്നാം ദിനത്തിൽ വിക്രമിന്റെ 'വീര ധീര സൂരൻ'ന്റെ ആഭ്യന്തര കളക്ഷൻ മറികടന്നു. 

കൊച്ചി: ധനുഷ് നായകനായി എത്തിയ 'കുബേര' ബോക്സ് ഓഫീസിൽ സാമന്യഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. റിലീസിന്റെ മൂന്നാം ദിനത്തിൽ, ചിത്രം വിക്രമിന്റെ 'വീര ധീര സൂരൻ' എന്ന ചിത്രത്തിന്റെ ആഭ്യന്തര കളക്ഷനേയും മറികടന്ന് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.

'കുബേര' ആദ്യ ദിനം 14.75 കോടി രൂപയുടെ കളക്ഷൻ നേടി ശക്തമായ ഓപ്പണിംഗാണ് നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച 11.86% വളർച്ചയോടെ 16.5 കോടി രൂപ കളക്ട് ചെയ്തു ധനുഷ് ചിത്രം. മൂന്ന് ദിവസത്തെ ആകെ കളക്ഷൻ 30 കോടിയിലധികം രൂപയാണ്. ഇത് 'വീര ധീര സൂരൻ'ന്റെ ആജീവനാന്ത ആഭ്യന്തര കളക്ഷനെക്കാള്‍ കൂടുതലാണ്.

ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കണക്കുകൾ പരിശോധിക്കുമ്പോൾ, 'കുബേര' ആദ്യ ദിനം 28.40 കോടി രൂപയും രണ്ട് ദിവസം കൊണ്ട് 53.75 കോടി രൂപയും സ്വന്തമാക്കി. മൂന്നാം ദിനത്തിൽ 80 കോടി രൂപയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ 70% കളക്ഷനും തെലുങ്ക് പതിപ്പിൽ നിന്നാണ്. ചിത്രത്തിലെ നാഗാര്‍ജ്ജുനയുടെ സാന്നിധ്യം ധനുഷ് ചിത്രത്തിന് തെലുങ്ക് പ്രേക്ഷകർക്കിടയിലുള്ള ആകർഷണം ഉണ്ടാക്കിയെന്ന് വ്യക്തമാക്കുന്നു. ആന്ധ്രയിലും നിസാമിലും 10.55 കോടി, തമിഴ്നാട്ടിൽ 4.30 കോടി, കർണാടകയിൽ 1.60 കോടി, കേരളത്തിൽ 0.30 കോടി, ഓവർസീസിൽ 11.15 കോടി എന്നിങ്ങനെയാണ് ആദ്യ ദിന കളക്ഷൻ.

ശേഖർ കമ്മുലയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രത്തില്‍ ദേവി ശ്രീ പ്രസാദാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിന് സമിശ്രമായ പ്രതികരണമാണ് ലഭിച്ചത് എങ്കിലും നല്ല റിവ്യൂകളും ലഭിച്ചിരുന്നു.

ധനുഷിന്റെ വണ്‍ മാൻ ഷോയാണ് ചിത്രം എന്നാണ് ചില റിവ്യൂകള്‍ അഭിപ്രായപ്പെട്ടിരുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തെയും ധനുഷ് ചിത്രം കണ്ട ചിലര്‍ പ്രശംസിക്കുമ്പോള്‍ മറ്റ് ചിലര്‍ നാഗാര്‍ജുനയുടെ യൂണിക്ക് റോളാണെന്നും മികച്ച ആഖ്യാനമാണ് കുബേരയുടേത് എന്നും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ്. അതേ സമയം ചിത്രത്തിന്‍റെ ദൈര്‍ഘ്യം പലരും വലിയ പ്രശ്നമായി പറയുന്നുണ്ടായിരുന്നു.