Asianet News MalayalamAsianet News Malayalam

കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി 'പൊന്നിയിൻ സെല്‍വൻ', ആദ്യ ദിനം നേടിയത്

കേരളത്തില്‍ നിന്നുള്‍പ്പടെ 'പൊന്നിയിൻ സെല്‍വൻ' നേടിയതിന്റെ കണക്കുകള്‍.

Mani Ratnam Ponniyin Selvan first day box office collection report
Author
First Published Oct 1, 2022, 1:09 PM IST

മണിരത്നത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രം 'പൊന്നിയിൻ സെല്‍വൻ' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ അധികരിച്ചാണ് മണിരത്നം ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിനം മികച്ച കളക്ഷൻ ചിത്രത്തിന് നേടാനായി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

'പൊന്നിയിൻ സെല്‍വൻ' ആദ്യ ദിനം ഏകദേശം 39 കോടിയോളം കളക്ഷൻ നേടിയെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022ല്‍ ഏറ്റവും കളക്ഷൻ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കുകയാണ് 'പൊന്നിയിൻ സെല്‍വ'ൻ. 2002ല്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട 'വിക്ര'ത്തിനെയും വലിമൈയെയും പിന്നിലാക്കിയാണ് പൊന്നിയിൻ സെല്‍വന്റെ മുന്നേറ്റം. തമിഴ്‍നാട്ടില്‍ 23- 24 കോടി രൂപയ്‍ക്കടുത്ത് നേടിയ 'പൊന്നിയിൻ സെല്‍വ'ന് മുന്നില്‍ വിജയ്‍യുടെ 'ബീസ്റ്റ്' മാത്രമാണ് തമിഴ്‍നാട്ടില്‍ നിന്നുള്ളത്. വടക്കേ ഇന്ത്യയില്‍ നിന്ന് 2.75 കോടി രൂപയാണ് 'പൊന്നിയിൻ സെല്‍വൻ' നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് 3.25 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്‍തപ്പോള്‍ കര്‍ണാടകയില്‍ നിന്ന് നാല് കോടി നേടി. ആന്ധ്രാപ്രദേശ്/ തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് 5.50 കോടിയും സ്വന്തമാക്കി.

വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.  125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് സ്‍ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.  ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More: ഹാട്രിക് 100 കോടിക്കായി ശിവകാര്‍ത്തികേയൻ, 'പ്രിൻസ്' ചിത്രീകരണം പൂര്‍ത്തിയായി

Follow Us:
Download App:
  • android
  • ios