മരക്കാര്‍ എത്തിയത് ലോകമാകെ 16,000 സ്ക്രീനുകളില്‍
ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തിയറ്റര്‍ കൗണ്ട് ആണ് 'മരക്കാറി'ന് (Marakkar) ലഭിച്ചത്. കേരളത്തിലെ 626 സ്ക്രീനുകളിലും പ്രദര്‍ശനത്തിനെത്തിയ 'മരക്കാറി'ന് മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും സെന്‍ററുകള്‍ കൂട്ടി ആകെ 4100 സ്ക്രീനുകള്‍ ഉണ്ട്. യുഎഇ, ജിസിസി, യുകെ, യുഎസ്എ, യൂറോപ്പ് തുടങ്ങി ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ചിത്രമെത്തി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ യുഎഇ പ്രീമിയറിന്‍റെ ആദ്യ കളക്ഷന്‍ (UAE Collection) കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്.
യുഎഇയില്‍ മാത്രം 64 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. അവിടെ 368 പ്രദര്‍ശനങ്ങളില്‍ നിന്ന് 2.98 കോടി രൂപയാണ് മരക്കാര്‍ നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്യുന്നു. 35,879 ടിക്കറ്റുകളാണ് യുഎഇയില്‍ ആദ്യദിനം ഇതുവരെ വിറ്റിരിക്കുന്നതെന്നും അദ്ദേഹം അറിയിക്കുന്നു. അതേസമയം റിലീസ് ദിനത്തില്‍ ചിത്രം ലോകമാകെ 16,000 പ്രദര്‍ശനങ്ങള്‍ നടത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി ചിത്രം 100 കോടി കളക്റ്റ് ചെയ്‍തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു.
പ്രേക്ഷകരുടെ രണ്ട് വര്‍ഷത്തോളമുള്ള കാത്തിരിപ്പിനു ശേഷമെത്തുന്ന ചിത്രത്തിന്‍റെ റിലീസിനോടനുബന്ധിച്ച് വന്‍ ആഘോഷങ്ങളാണ് ആരാധകര്‍ സംഘടിപ്പിച്ചിരുന്നത്. പ്രമുഖ സെന്‍ററുകളിലെല്ലാം 12 മണിക്കുള്ള ആദ്യ പ്രദര്‍ശനങ്ങള്‍ക്കു മുന്‍പ് ഡിജെ പാര്‍ട്ടികള്‍ നടന്നു. എറണാകുളം സരിതയില്‍ അര്‍ധരാത്രിയില്‍ നടന്ന ആദ്യ പ്രദര്‍ശനം കാണാന്‍ മോഹന്‍ലാല്‍ (Mohanlal) നേരിട്ടെത്തി. മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രവുമാണ് മരക്കാര്‍. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും നേടിയ ചിത്രമാണിത്. റിലീസ് ദിന കളക്ഷന്‍ററെ കാര്യത്തില്‍ മരക്കാര്‍ രചിക്കുന്ന റെക്കോര്‍ഡ് എത്രയെന്നറിയാനുള്ള കൗതുകത്തിലാണ് ചലച്ചിത്ര വ്യവസായം.
