ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനായ ചിത്രം

വൈഡ് റിലീസിം​ഗിന്‍റെ ഇന്നത്തെ കാലത്ത് പരമാവധി ഓപണിം​ഗ് കളക്ഷനാണ് ബി​ഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. അതിനായി പരമാവധി തിയറ്ററുകളില്‍ റിലീസിം​ഗും മികച്ച പബ്ലിസിറ്റിയുമൊക്കെ നല്‍കും. എന്നാല്‍ ഓപണിം​ഗ് കളക്ഷന്‍ നിശ്ചയിക്കുന്നതില്‍ നായകന്‍റെ താരപദവിയും പ്രധാനമാണ്. ഒരു ചിത്രത്തിന്‍റെ ഹൈപ്പ് അനുസരിച്ചാണ് അഡ്വാന്‍സ് ബുക്കിം​ഗ് ലഭിക്കുക. കേരളത്തില്‍ അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ഏറ്റവുമധികം കളക്ഷന്‍ ലഭിച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പുതിയ മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനും എത്തിയിരിക്കുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാവുന്നു എന്നതിനാല്‍ വമ്പന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് വാലിബന്‍. ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രം റിലീസിന് ആറ് ദിവസം മുന്‍പുതന്നെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചിരുന്നു. ഫാന്‍സ് ഷോകള്‍ കൂടി കണക്ക് കൂട്ടിയാല്‍ 4 കോടിയിലധികമാണ് ചിത്രം പ്രീ സെയില്‍സിലൂടെ കേരളത്തില്‍ നിന്ന് നേടിയത്. 

വാലിബന് മുന്‍പ് അഞ്ച് ചിത്രങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. അതില്‍ രണ്ട് മലയാള ചിത്രങ്ങളും മൂന്ന് ഇതരഭാഷാ ചിത്രങ്ങളുമാണ് ഉള്ളത്. മലയാളത്തിലെ രണ്ട് ചിത്രങ്ങളും മോഹന്‍ലാല്‍ നായകനായവ ആണെന്ന പ്രത്യേകതയുമുണ്ട്. ഒടിയനും മരക്കാറുമാണ് കേരള പ്രീ സെയില്‍സില്‍ 4 കോടിയിലധികം ഇതിന് മുന്‍പ് നേടിയ മലയാളം ചിത്രങ്ങള്‍. ഇതരഭാഷകളില്‍ നിന്നുള്ള മൂന്ന് ചിത്രങ്ങളില്‍ രണ്ടും വിജയ് നായകനായ തമിഴ് ചിത്രങ്ങളാണ്. ബീസ്റ്റ്, ലിയോ എന്നിവയാണ് അവ. ഇതില്‍ കേരളത്തിലെ റെക്കോര്‍ഡ് ഓപണിം​ഗ് നിലവില്‍ കഴിഞ്ഞ വര്‍ഷമെത്തിയ ലിയോയുടെ പേരിലാണ്. യഷ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് 2 ആണ് ഈ പട്ടികയിലുള്ള മറ്റൊരു ചിത്രം.

ALSO READ : 10 വര്‍ഷത്തിനിപ്പുറം ആ സൂപ്പര്‍ഹിറ്റ് ദിലീപ് ചിത്രത്തിന് റീമേക്ക്; ആരാവും നായകന്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം