മകന് ഭക്ഷണവുമായി എത്തിയ യുവതിയോട് റോഡിൽ നിന്ന് കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ച് കാറിൽ കയറ്റിയായിരുന്നു മ‍ർദ്ദനം

വർക്കല: കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ കാറിനുള്ളിൽ വച്ച് മ‍ർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. കുഞ്ഞിനെ കാണിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് ഭാര്യയെ ഭർത്താവ് വിളിച്ച് വരുത്തിയത്. മകന് ഭക്ഷണവുമായി എത്തിയ യുവതിയോട് റോഡിൽ നിന്ന് കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് എങ്ങനെയാണെന്ന് ചോദിച്ച് കാറിൽ കയറ്റി. പിന്നീട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. മകനെ കാണാനായി മറ്റൊരു വാഹനത്തിൽ എത്തിയ യുവതിയെ വാഹനം പാർക്ക് ചെയ്ത ശേഷം തന്ത്രപരമായി ഭർത്താവ് കാറിൽ കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. ഡോറുകളും വിൻഡോ ഗ്ലാസുകളും ലോക്ക് ചെയ്ത ശേഷമായിരുന്നു മർദ്ദനം. 

രക്ഷപ്പെടാനോ സഹായം തേടാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു യുവതി. യുവതിയുടെ വായിൽ തുണി തിരുകാനും യുവാവ് മടിച്ചില്ല. ഗ്ലാസുകളിൽ കൂളിംഗ് ഫിലിം ഒട്ടിച്ചിരുന്നതിനാൽ അകത്ത് നടക്കുന്ന അക്രമം പുറത്തുള്ളവ‍ർക്ക് കാണാനും സാധിച്ചിരുന്നില്ല. നാട്ടുകാർ ഡോർ തുറക്കാൻ ആവശ്യപ്പെട്ടതോടെ യുവാവ് കാർ മുന്നോട്ട് എടുത്തു. വീണ്ടും നിർത്തിയതോടെ നാട്ടുകാർ കൂട്ടം കൂടി. മറ്റ് വഴികളില്ലാതെ വന്നതോടെ യുവാവ് കാർ അൺലോക്ക് ചെയ്തതോടെ യുവതി കാറിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. അവശ നിലയിലായ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. 

യുവതിക്ക് കഴുത്തിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. യുവതിയുടെ പരാതിയിൽ ഭർത്താവ് സിജു സോമൻ എന്നയാൾക്ക് എതിരെ കേസെടുത്തു. റോഡ് സൈഡിൽ കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട്,സംശയം തോന്നിയ നാട്ടുകാർ ലോക്ക് തുറക്കാൻ ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് രക്ഷപ്പെടാനായത്. വ്യാഴാഴ്ചയാണ് സംഭവം. കാറിനുള്ളിൽ കയറിയ ശേഷം യുവതിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദിച്ചു എന്നാണ് പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം