പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. 20 ദിനങ്ങള്‍ പിന്നിട്ട ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 28.43 കോടിയാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 18.28 കോടിയും നെറ്റ് 17.65 കോടിയും, വിദേശത്തു നിന്ന് 10.15 കോടിയും ചിത്രം നേടി. ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News