ഇത്തവണത്തെ ഒരേയൊരു പൊങ്കല്‍ റിലീസായി എത്തിയ ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി' ആദ്യ ദിനം നേടിയ കളക്ഷന്‍
തമിഴ് സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സീസണുകളില്‍ ഒന്നാണ് പൊങ്കല്‍. സിനിമാപ്രേമികള്‍ കൂട്ടത്തോടെ തിയറ്ററുകളില്‍ എത്തുന്ന സമയം. അതിനാല്‍ത്തന്നെ ഒന്നിലധികം താരചിത്രങ്ങളും മറ്റ് ചെറിയ ചിത്രങ്ങളുമൊക്കെ പൊങ്കലിന് എത്തുക പതിവാണ്. എന്നാല്‍ ഇക്കുറി ആ പതിവ് തെറ്റി. തമിഴകത്തെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായ വിജയ്‍യുടെ അവസാന ചിത്രം ജനനായകന്‍ സെന്‍സര്‍ കുരുക്കില്‍ റിലീസ് നീട്ടിയപ്പോള്‍ ഒരേയൊരു ചിത്രം മാത്രമായി ചുരുങ്ങി ഇത്തവണത്തെ പൊങ്കല്‍ റിലീസ്. ശിവകാര്‍ത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തി ആണ് ആ ചിത്രം. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. വിജയ് ചിത്രം ഒഴിഞ്ഞതോടെ കൈവന്ന സുവര്‍ണാവസരം ബോക്സ് ഓഫീസില്‍ ഉപയോഗപ്പെടുത്താനായോ ചിത്രത്തിന്? ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
ഓപണിംഗ് ഡേ
തമിഴ്നാട്ടിലെ പ്രധാന ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം നേടിയത് 10.17 കോടിയാണ്. അവരുടെ കണക്ക് പ്രകാരം ശിവകാര്‍ത്തികേയന്‍റെ കരിയറില്‍ തമിഴ്നാട്ടിലെ മികച്ച രണ്ടാമത്തെ ഓപണിംഗ് ആണ് ചിത്രം. അമരന്‍ ആണ് ഒന്നാം സ്ഥാനത്ത്. കര്‍ണാടകത്തില്‍ നിന്ന് ചിത്രം ആദ്യ ദിനം നേടിയത് 1.41 കോടി ആണെന്നും ഇവര്‍ അറിയിക്കുന്നുണ്ട്. പാന്‍ ഇന്ത്യന്‍ ട്രാക്കറായ സാക്നില്‍കിന്‍റെ ആദ്യ കണക്കുകള്‍ പ്രകാരം ചിത്രത്തിന്‍റെ ആദ്യ ദിന ഇന്ത്യന്‍ ഗ്രോസ് 13.65 കോടിയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം ഒരു മില്യണ്‍ ഡോളറിന്‍റെ ഓപണിംഗ് നേടിയെന്ന് മറ്റ് ട്രാക്കര്‍മാര്‍ പറയുന്നുണ്ട്. എന്തായാലും ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് നേടിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ പെടും പരാശക്തിയെന്ന് ഉറപ്പാണ്. ആഗോള ഓപണിംഗിലും അമരന് ശേഷം രണ്ടാം സ്ഥാനത്ത് ചിത്രം വരുമോ എന്ന കാര്യത്തിലേ സംശയമുള്ളൂ.
അതേസമയം സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്. അതിനാല്‍ത്തന്നെ ജനനായകന്‍റെ അപ്രതീക്ഷിത അസാന്നിധ്യം സൃഷ്ടിച്ച സാധ്യത ബോക്സ് ഓഫീസില്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചില്ലെന്ന് പറയേണ്ടിവരും. അതേസമയം ഞായറാഴ്ച ചിത്രം എത്ര നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍. നിര്‍മ്മാതാക്കള്‍ ആദ്യ ദിന കളക്ഷന്‍ ഔദ്യോഗികമായി പുറത്തുവിടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ട്രാക്കര്‍മാര്‍.



