രഞ്ജിത്തിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ 'രാവണപ്രഭു' റീ റിലീസിലും ബോക്സോഫീസില്‍ തരംഗമാവുകയാണ്. മോഹന്‍ലാലിന്‍റെ ഇരട്ടവേഷപ്പകര്‍ച്ച വീണ്ടും കാണാന്‍ പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് ഒഴുകിയെത്തുകയാണ്.

മലയാളത്തിലെ റീ റിലീസുകളില്‍ തിയറ്ററുകളില്‍ ഏറ്റവും ഓളം സൃഷ്ടിച്ചിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ഛോട്ടാ മുംബൈ ആയിരുന്നു അക്കൂട്ടത്തില്‍ ഒടുവിലത്തേത്. ഇപ്പോഴിതാ അതിന് തുടര്‍ച്ചയായി മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി റീ റിലീസിലൂടെ തിയറ്ററുകളില്‍ ആളെ കൂട്ടുകയാണ്. രഞ്ജിത്തിന്‍റെ സംവിധാന അരങ്ങേറ്റം ആയിരുന്ന 2001 ചിത്രം രാവണപ്രഭു ആണ് അത്. വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഈ റീ റിലീസ് പ്രേക്ഷകരില്‍ സൃഷ്ടിച്ച കാത്തിരിപ്പ് വ്യക്തമാക്കുന്നതായിരുന്നു ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് ബുക്കിംഗ്. ഓപണിംഗ് കളക്ഷനിലും ചിത്രം മികവ് കാട്ടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ശനിയാഴ്ചത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.

റിലീസ് ദിനത്തെ മറികടക്കുന്ന സെക്കന്‍ഡ് ഡേ കളക്ഷനാണ് രാവണപ്രഭു സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് കൗതുകം. ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് ഇത് അപൂര്‍വ്വമാണ്. ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ചിത്രം ആദ്യ ദിനം കേരളത്തില്‍ നിന്ന് നേടിയത് 67- 70 ലക്ഷം ആയിരുന്നു. രണ്ടാം ദിനത്തില്‍ ഇത് ഉയര്‍ന്നിരിക്കുന്നത് 71- 72 ലക്ഷം റേഞ്ചില്‍ ആണ്. അങ്ങനെ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് ചിത്രം സ്വന്തമാക്കിയിരിക്കുന്നത് 1.42 കോടിയാണ്. ഇന്നത്തെ കളക്ഷനോടെ ചിത്രം 2 കോടി മറികടക്കും.

മലയാളം റീ റിലീസുകളുടെ ഓപണിംഗ് കളക്ഷനില്‍ രണ്ടാമതായിരുന്നു രാവണപ്രഭു. മോഹന്‍ലാലിന്‍റെ തന്നെ സ്ഫടികമാണ് ഈ പട്ടികയില്‍ ഒന്നാമത്. അതേസമയം കാന്താര ഉള്ളതിനാല്‍ പല മേജര്‍ സെന്‍ററുകളിലും രാവണപ്രഭുവിന് പ്രധാന സ്ക്രീനുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ പ്രേക്ഷകരുടെ തള്ളിക്കയറ്റം കാരണം പല തിയറ്ററുകാരും പ്രധാന ഷോ ടൈമിന് പുറത്ത് മെയില്‍ സ്ക്രീനുകളില്‍ ചിത്രത്തിന് അഡീഷണല്‍ ഷോസ് നല്‍കുന്നുണ്ട്. ഇത്തരം ഷോകളിലെ ടിക്കറ്റുകള്‍ വേഗത്തില്‍ വിറ്റുപോകുന്നുമുണ്ട്. ആവേശത്തോടെയുള്ള കാഴ്ച ലക്ഷ്യമാക്കി സീറ്റിംഗ് കപ്പാസിറ്റി കൂടുതലുള്ള തിയറ്ററുകളില്‍ രാവണപ്രഭു കാണാനാണ് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്.

തന്‍റെ തന്നെ തിരക്കഥയില്‍ ഐ വി ശശി സംവിധാനം ചെയ്ത് 1993 ല്‍ പുറത്തെത്തി കള്‍ട്ട് സ്റ്റാറ്റസ് നേടിയ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെ അയാളുടെ മകനൊപ്പം അവതരിപ്പിക്കുകയായിരുന്നു സംവിധാന അരങ്ങേറ്റ ചിത്രത്തില്‍ രഞ്ജിത്ത്. വന്‍ വിജയവുമായിരുന്നു റിലീസ് സമയത്ത് രാവണപ്രഭു. ചിത്രത്തിലെ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളും നീലകണ്ഠന്‍റെ ഇമോഷണല്‍ രംഗങ്ങളുമൊക്കെ കാണികള്‍ ഏറ്റെടുത്തു. മംഗലശ്ശേരി നീലകണ്ഠന്‍ മകന്‍ കാര്‍ത്തികേയന്‍റെ മാസ് രംഗങ്ങളില്‍ പലതും ഇപ്പോഴും റീലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടാറുണ്ട്. മലയാളത്തില്‍ റീ റിലീസില്‍ വിജയിച്ച പല ചിത്രങ്ങളുടെയും റീമാസ്റ്ററിംഗ് നിര്‍വ്വഹിച്ച മാറ്റിനി നൗ ആണ് രാവണപ്രഭുവും റീമാസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്