കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രത്തിന്‍റെ സംവിധാനം

വമ്പന്‍ പ്രീ റിലീസ് ഹൈപ്പുമായി എത്തുന്ന പല ചിത്രങ്ങളും പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ പരാജയപ്പെടാറുണ്ട്. അത് ബോക്സ് ഓഫീസിലും പ്രതിഫലിക്കും. സൂപ്പര്‍താര ചിത്രങ്ങള്‍ക്കാണ് ഇത് പലപ്പോഴും സംഭവിക്കാറ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം തമിഴ് ചിത്രം റെട്രോ ആണ്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തിയ ചിത്രമാണ് ഇത്. സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രം എന്നതുതന്നെയായിരുന്നു അതിന് കാരണം. ഇതിലും ഹൈപ്പിലെത്തിയ കഴിഞ്ഞ ചിത്രം കങ്കുവ ഉണ്ടാക്കിയ ക്ഷീണം നികത്തുമെന്നും സൂര്യ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നെഗറ്റീവും സമ്മിശ്രവുമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിനം ലഭിച്ചത്. എന്നിരിക്കിലും ചിത്രം ആഗോള ബോക്സ് ഓഫീസില്‍ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍.

ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ് ചിത്രം. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് 104 കോടി. മെയ് 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. അതായത് ആറാം ദിനമാണ് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നത്. മോഹന്‍ലാലിന്‍റെ വന്‍ അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുന്ന ചിത്രം തുടരും 100 കോടി ക്ലബ്ബില്‍ എത്തിയതും ആറ് ദിവസം എടുത്തായിരുന്നു. അതേസമയം മോഹന്‍ലാലിന്‍റെ കഴിഞ്ഞ റിലീസ് ആയ എമ്പുരാന്‍ ആദ്യ 2 ദിനങ്ങളില്‍ത്തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രമാണ് റെട്രോ. രചനയും അദ്ദേഹം തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. റൊമാന്‍റിക് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം കാര്‍ത്തിക് സുബ്ബരാജിന്‍റെ സ്റ്റോണ്‍ ബെഞ്ച് ക്രിയേഷന്‍സും സൂര്യയുടെ 2ഡി എന്‍റര്‍ടെയ്ന്‍‍മെന്‍റും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. പൂജ ഹെഗ്‍ഡെ നായികയായി എത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, വിധു, ഗജരാജ്, സ്വാസിക, അവിനാഷ് രഘുദേവന്‍, രാകേഷ് രക്കു, കുമാര്‍ നടരാജന്‍, കാര്‍ത്തികേയന്‍ സന്താനം, തമിഴ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രേയസ് കൃഷ്ണയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലി, സംഗീതം സന്തോഷ് നാരായണന്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം