മോഹന്‍ലാല്‍ നായകനായ തുടരും ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മുന്നേറുന്നു. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ ചിത്രം ആഗോളതലത്തില്‍ 150 കോടി കളക്ഷന്‍ നേടി. രണ്ടാം തിങ്കളാഴ്ചയും മികച്ച കളക്ഷനാണ് ചിത്രം നേടിയത്.

കൊച്ചി: ചിത്രത്തിന്‍റെ ബജറ്റും ലഭിക്കുന്ന കളക്ഷനും വച്ച് നോക്കിയാല്‍ മലയാള സിനിമയില്‍ സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ ചിത്രമായി മാറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യദിനം മുതല്‍ ജനം ഏറ്റെടുത്തിരിക്കുകയാണ്. 

ചിത്രം ഒരു ഫാമിലി ഡ്രാമ ആണെന്നും എന്നാല്‍ ഫീല്‍ ഗുഡ് അല്ലെന്നുമാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി റിലീസിന് മുന്‍പ് പറഞ്ഞത്. ഹൈപ്പ് കൂട്ടാതിരിക്കാനായി ചിത്രത്തിന്‍റെ ആക്ഷന്‍, ത്രില്ലര്‍ അംശങ്ങള്‍ അണിയറക്കാര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുകയായിരുന്നു. എന്നാല്‍ ആദ്യ ഷോകള്‍ക്കിപ്പുറം വമ്പന്‍ മൗത്ത് പബ്ലിസിറ്റി നേടിയതോടെ ഇന്നുവരെ ബോക്സ് ഓഫീസില്‍ ചിത്രത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

ഇപ്പോഴിതാ രണ്ടാം തിങ്കളാഴ്ചയും മികച്ച ആഭ്യന്തര കളക്ഷനാണ് തുടരും ഉറപ്പാക്കിയിരിക്കുന്നത്. രണ്ടാം മണ്‍ഡേ ടെസ്റ്റ് എന്ന് വിളിക്കാവുന്ന വര്‍ക്കിംഗ് ഡേ ആയ മെയ് 5ന് മോഹന്‍ലാലിന്‍റെ തുടരും ആഭ്യന്തര ബോക്സോഫീസില്‍ നേടിയത് 5.15 കോടിയാണ്. ചിത്രം റിലീസ് ചെയ്ത് 11 ദിവസം കഴിഞ്ഞിട്ടും ചിത്രത്തിന്‍റെ നെറ്റ് കളക്ഷന്‍ ഇതുവരെ 5 കോടിക്ക് താഴെ പോയിട്ടില്ല എന്നത് വലിയ സൂചനയാണ്. 

ചിത്രം പല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തേക്കും എന്നാണ് സൂചന. ട്രാക്കര്‍മാര്‍ നല്‍കുന്ന ഏറ്റവും പുതിയ വിവരം അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 150 കോടി കടന്നിട്ടുണ്ട്. പുലിമുരുകനെ മറികടന്ന് മലയാളത്തില്‍ 150 കോടിയില്‍ അധികം നേടുന്ന ആറാമത്തെ ചിത്രമായിരിക്കുകയാണ് തുടരും. 

ആവേശവും ആടുജീവിതവുമാണ് കളക്ഷനില്‍ ഇനി തുടരുമിന് മുന്നില്‍ ഉള്ളത്. ആവേശം 156 കോടിയും ആടുജീവിതം 158.50 കോടിയുമാണ് ആകെ നേടിയത്. ഇന്നത്തെ കളക്ഷന്‍ കൊണ്ട് തുടരും ഈ രണ്ട് ചിത്രങ്ങളെയും മറികടന്നാലും അത്ഭുതപ്പെടാനില്ല. 

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്

ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍- ശോഭന കൂട്ടുകെട്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷം ബി​ഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കുടുംബപ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്ന ഘടകമാണ് അത്.