മോഹൻലാൽ ചിത്രം തുടരുമിന്‍റെ ബോക്സോഫീസ് കളക്ഷൻ കുതിപ്പ് തുടരുന്നു. 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം, മൂന്നാം ഞായറാഴ്ചയും മികച്ച കളക്ഷൻ നേടി.

കൊച്ചി: മലയാള സിനിമയിലെ റിയല്‍ ബോക്സോഫീസ് കിംഗ് എന്ന വിശേഷണം അടിവരയിടുന്നതാണ് മോഹൻലാൽ ചിത്രം തുടരുമിന്‍റെ കുതിപ്പ്. സമീപകാലത്തിറങ്ങിയ പടങ്ങൾ പരാജയം നേരിട്ടെങ്കിൽ അവയ്ക്കെല്ലാം പകരം വീട്ടി എന്നോണം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തീർക്കുകയാണ് തുടരും. 

അതും വെറും രണ്ട് സിനിമയിലൂടെ. എമ്പുരാൻ ഇന്റസ്ട്രി ഹിറ്റായപ്പോൾ കേരള ബോക്സ് ഓഫീൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് തുടരും. മൂന്നാം ഞായറാഴ്ചയും ചിത്രത്തിന്‍റെ കളക്ഷന്‍ ഒട്ടും കുറഞ്ഞില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

മൂന്നാം ഞായറാഴ്ച അതായത് ചിത്രം റിലീസ് ചെയ്ത് 17മത്തെ ദിവസം തുടരും ആഭ്യന്തര ബോക്സോഫീസില്‍ നേടിയത് 5 കോടിരൂപയാണ്. ആഗോളതലത്തില്‍ ചിത്രം 200 കോടി കടന്നുവെന്ന് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 

സാക്നില്‍.കോം കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്നും 17 ദിവസത്തെ ചിത്രത്തിന്‍റെ നെറ്റ് കളക്ഷന്‍ മാത്രം 100 കോടിക്ക് അടുക്കുകയാണ്. മൂന്നാമത്തെ ഞായറാഴ്ച ചിത്രത്തിന് 65.95% തീയറ്റര്‍ ഒക്യുപെന്‍സി ലഭിച്ചു എന്നത് തന്നെ വലിയ സൂചനയാണ്. പുതിയ റിലീസുകള്‍ വന്നിട്ടും തീയറ്ററില്‍ മോഹന്‍ലാല്‍ ആധിപത്യം തുടരുന്നു എന്ന വ്യക്തമായ സൂചനയാണ് ഇത്. 

മലയാള സിനിമയിൽ 200 കോടി നേടുന്ന മൂന്നാമത്തെ സിനിമ എന്ന ഖ്യാതി ഇതിനകം തുടരും നേടി കഴിഞ്ഞു. എമ്പുരാൻ, മഞ്ഞുമ്മൽ ബോയ്സ് എന്നിവയാണ് തുടരുമിന് മുൻപ് 200 കോടി ക്ലബ്ബിലെത്തിയ മലയാള സിനിമകൾ.

പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു തുടരും. പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ സൗദി വെള്ളയ്ക്ക എന്ന സിനിമയ്ക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ എത്തുന്നു എന്നതായിരുന്നു അതിനൊരു കാരണം. 15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ എത്തിയതും പ്രധാനഘടകമായി. കാത്തിരിപ്പുകൾക്ക് ഒടുവിൽ ഏപ്രിൽ 25ന് ചിത്രം തിയറ്ററിൽ എത്തിയതും വന്‍ വിജയമായി മാറിയതും. 

മോഹൻലാൽ, ശോഭന എന്നിവർക്കൊപ്പം ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, നന്ദു, ഇർഷാദ്, ആർഷ ചാന്ദിനി ബൈജു, തോമസ് മാത്യു, കൃഷ്ണ പ്രഭ, പ്രകാശ് വർമ്മ, അരവിന്ദ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് തുടരും നിര്‍മിച്ചത്.