മലയാള സിനിമയിലെ വൻ വിജയമായി തുടരും മാറിയിരിക്കുന്നു. 31 ദിവസങ്ങൾക്കുള്ളിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ചിത്രം ആഗോളതലത്തിൽ 230.45 കോടി നേടി.
കൊച്ചി: സമീപകാല മലയാള സിനിമയിലെ വന്‍ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് തുടരും. ഏപ്രില്‍ 25ന് റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം. കഴിഞ്ഞ ദിവസം തീയറ്ററില്‍ 31 ദിവസങ്ങള്‍ തികച്ചു. ഒരു മാസത്തിനിടയില്‍ മലയാള ബോക്സോഫീസിലെ ഒരു കൂട്ടം കളക്ഷന്‍ റെക്കോഡുകള്‍ ഈ ചിത്രം തകര്‍ത്തു കഴിഞ്ഞു.
ചിത്രം ഇറങ്ങി നാലാം വാരത്തിലെ ഞായാറാഴ്ചയും ചിത്രം മികച്ച കളക്ഷനാണ് നേടിയത്. 31മത്തെ ദിവസം ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന കൂടിയ കളക്ഷനാണ് ഇത്. നാലാം ഞായറാഴ്ച ചിത്രം ആഭ്യന്തര ബോക്സോഫീസില്‍ മാത്രം നേടിയത് 1.31 കോടി രൂപയാണ് എന്നാണ് ട്രാക്കര്‍ സാക്നില്‍ക്.കോം കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഇതുവരെ ചിത്രം 119.99 കോടി രൂപയാണ് നേടിയിരിക്കുന്നത്.
അതേ സമയം ആഗോളതലത്തില്‍ തുടരും 230.45 കോടി നേടിയെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകള്‍ പറയുന്നത്. കേരള ബോക്സോഫീസില്‍ നിന്നും മാത്രം 100 കോടി രൂപ നേടിയ ചിത്രമായി മാറിയിരുന്നു നേരത്തെ തുടരും.
കേരളത്തില്‍ ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രത്തിനുള്ള റെക്കോര്‍ഡ് ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ പേരിലാണ്. അഞ്ചാം വാരാന്ത്യത്തിലേക്ക് എത്തിയപ്പോള്‍ 45,000 ഷോകളാണ് ചിത്രം കേരളത്തില്‍ പിന്നിലാക്കിയതെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരുന്നു. മോഹന്‍ലാലിന്‍റെ തന്നെ പുലിമുരുകന്‍റെ ഒന്‍പത് വര്‍ഷം പഴയ റെക്കോര്‍ഡ് ആണ് തുടരും തകര്‍ത്തത്.
ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ്. കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.