Asianet News MalayalamAsianet News Malayalam

ശ്രീനാഥ് ഭാസിക്കെതിരായ പരാതി ഒത്തുതീർന്നു; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കും

അഭിമുഖത്തിനിടെ, അവതാരകയെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതി ഒത്തുതീർന്നു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും

Complaint against Srinath Bhasi settled, Complainant to approach court to quash the FIR
Author
First Published Sep 30, 2022, 12:27 PM IST

കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി ഒത്തുതീർന്നതായി ഇരു വിഭാഗവും കോടതിയെ അറിയിച്ചു. കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയും പരാതിക്കാരിയും കേസ് പിൻവലിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു. പരാതി പിൻവലിക്കാൻ കോടതി അനുമതി നൽകിയാലും മയക്കുമരുന്ന് ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ പൊലീസ് തുടർ നടപടികളുമായി മുന്നോട്ട് പോകും

അഭിമുഖത്തിനിടെ തന്നെ അപമാനിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചൂണ്ടിക്കാട്ടി മരട് പൊലീസിൽ നൽകിയ പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. സംഭവത്തിൽ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞെന്നും അതിനാൽ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. എഫ്ഐഐആ‌ർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിയും കോടതിയെ സമീപിച്ചിട്ടുണ്ട്. അവതാരകയുമായി ഒത്തുതീർപ്പിലെത്തിയെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. 

നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ? പ്രതികരണവുമായി ഡബ്ല്യൂസിസി

ഇക്കഴിഞ്ഞ 21 ന് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ  കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ വച്ച് പരസ്യമായി അസഭ്യം പറഞ്ഞന്നായിരുന്നു അവതാരകയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, പരസ്യമായി അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു  മരട് പൊലീസ് കേസ് എടുത്തത്.  മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം നടന്റെ അറസ്റ്റും രേഖപ്പെടുത്തി. നടനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

അറസ്റ്റിനെ തുടർന്ന് ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങിയിരുന്നു. ഇതിനായി ശ്രീനാഥ് ഭാസിയുടെ നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകൾ മരട് പൊലീസ് പരിശോധനയ്ക്ക് അയച്ചിരുന്നു. അഭിമുഖ സമയത്ത്, നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്.  ഇതിന്‍റെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. അസഭ്യം പറഞ്ഞ കേസ് പിൻവലിക്കാൻ കോടതി അനുമതി നൽകിയാലും ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ തുടർന്നടപടിയുമായി പൊലീസിന് മുന്നോട്ടു പോകാം.

 

 

Follow Us:
Download App:
  • android
  • ios