Asianet News MalayalamAsianet News Malayalam

ആല്‍ബം കോപ്പികള്‍; ന്യൂ ജനറേഷന്‍ പാട്ടുമോഷണങ്ങള്‍

Indian Songs But tune from Pakistan 6
Author
First Published Mar 28, 2017, 5:45 AM IST

Indian Songs But tune from Pakistan 6

തൊണ്ണൂറുകളിലെ സംഗീത രാജാക്കന്മാരായ നദീമിന്‍റെയും ശ്രാവണിന്‍റെയും പാക്കിസ്ഥാന്‍ പ്രേമത്തെക്കുറിച്ച് ഇനിയും പറഞ്ഞ് തീര്‍ന്നിട്ടില്ല. ആഷിഖിയിലെ ഫിലിംഫെയര്‍ പുരസ്‌കാര ഗാനം 'ജാനേ ജിഗറിന്‌' റോബിന്‍ ഘോഷ്‌ ഈണമിട്ട ദുരിയാന്‍ (1984) എന്ന ചിത്രത്തിലെ 'ബസ്‌ ഏക്‌ തെരെ സിവാ'യോടാണ്‌ സാമ്യം.

'തേരേ ബിനാ ഇക്‌ പല്‍ (ആ അബ്‌ ലൂട്ട ചലെന്‍, 1999) നൂര്‍ജഹാന്റെ 'തേരേ ബിന്‍ പല്‍ വി'യുടെ കോപ്പിയാണ്.

2002ല്‍ പുറത്തിറങ്ങിയ ഇന്‍ഡ്യന്‍ ബാബുവിലെ 'ആപ്‌ ഹംസെ പ്യാര്‍' എന്ന ഗാനത്തിന് 1999ല്‍ പുറത്തിറങ്ങിയ പാക് ചിത്രം ചുരിയാനിലെ സുള്‍ഫിക്കര്‍ അലിയുടെ ഈണത്തില്‍ അമീര്‍ അലി പാടിയ 'കരന്‍ മേം നസാരാ'യോടാണ് സാമ്യം.

ആന്‍ഡാസിലെ (2003) 'ആയേഗാ മാസാ അബ്‌ ബര്‍സാത്‌ കാ' എന്ന ഹിറ്റ് ഗാനത്തിന് പ്രശസ്ത ഉറുദു കവി നസീര്‍ കൈസിമി എഴുതി ഖലീല്‍ ഹൈദര്‍ ആലപിച്ച് തൊണ്ണൂറുകളില്‍ പാക്കിസ്ഥാനില്‍ തരംഗമായിരുന്ന ഗസല്‍ 'നയെ കാപ്രായി ബാദല്‍ കാറിന്റെ' അതേ ശീലുകള്‍. ഗുംനാമിലെ (2004) 'മൊഹബത്ത്‌ സെ സിഡാ' സുരയ്യാ മുള്‍ട്ടാനിക്കറിന്റെ 'ബാരേ ബെമുരാവത്ത്‌' (ബാദ്‌നാം 1966).

ഇനി 2002 ല്‍ പുറത്തിറങ്ങി ബോളിവുഡില്‍ ഹിറ്റായിരുന്ന ദില്‍ഹേ തുമാരയിലെ 'ദില്‍ ലഗാലിയ' ഒന്നുകൂടി കേള്‍ക്കുക. ഏറെക്കാലത്തിനു ശേഷം രാജ്യം ഒന്നടങ്കം ഏറ്റുപാടിയ ഒരു എന്‍ - എസ് ഗാനമായിരുന്നു ദില്‍ ലഗാലിയ. ഇനി 1998ല്‍ റിലീസായ ഹാദിഖ്വ കിയാനിയുടെ രോഷ്‌നി എന്ന ആല്‍ബത്തിലെ 'ബൂഹേ ബാരിയാന്‍' കേള്‍ക്കൂ. ഓര്‍ക്കസ്ട്രേഷന്‍ മാറ്റി ഗാനത്തിന്‍റെ സ്പീഡും അല്‍പ്പം കൂട്ടി ഹാദിഖ്വ കിയാനിയുടെ ഈണത്തിനു തങ്ങളുടെ കൈയ്യൊപ്പു ചാര്‍ത്തിയിരിക്കുന്നു നദീംശ്രാവണ്‍.

ഈ പരമ്പര തുടങ്ങിയത് 'ദില്‍ ദില്‍ ഹിന്ദുസ്ഥാന്‍' എന്ന ഗാനത്തിന്‍റെ കഥ പറഞ്ഞു കൊണ്ടായിരുന്നു. ഈ പകര്‍ത്തലിനു ശേഷം ആനന്ദും മില്ലിന്ദും ഈണം അന്വേഷിച്ച്‌ 1992ല്‍ വീണ്ടും പാക്കിസ്ഥാനില്‍ പോയി എന്നതിനും ഒരു ഈണവും ചൂണ്ടി തിരികെ വന്നതിനും തെളിവുകളുണ്ട്.  ബാന്‍ഡിഷ്‌ എന്ന പാക്ക് ചിത്രത്തിനു വേണ്ടി സയീദ് ഗീലാനി എഴുതി റോബിന്‍ ഘോഷ് ഈണണിട്ട് അഖ്‌ലാക്ക്‌ അഹമ്മദ് ആലപിച്ച മനോഹരമായ 'സോണാ ന ചാന്ദി' എന്ന ആ ഗാനമാണ്‌ 'ഏക്ക്‌ ലഡ്‌കാ ഏക്ക്‌ ലഡ്‌കി'യിലെ 'ചോട്ടി സി ദുനിയാ' ആയി പരിണമിച്ചത്. 1994ല്‍ സുഹാഗില്‍ ഹസന്‍ ജഹാംഗീറിന്റെ 'ഷവാ യേ നഖാര' അതേ പേരിലും അവതരിപ്പിച്ചിരുന്നു ആനന്ദ് മില്ലിന്ദ്.

2010ലാണ് പാക്കിസ്ഥാനി - പഞ്ചാബി ചിത്രം വിര്‍സ പുറത്തിറങ്ങുന്നത്. വിര്‍സയ്ക്കു വേണ്ടി ജാവേദ്‌ അഹമ്മദ്‌ ഈണമിട്ട്‌ രഹത്ത്‌ ഫത്തേഹ്‌ അലിഖാന്‍ പാടിയ 'മേം തേനു സംഝാവന്‍' എന്ന ഗാനം 2014ല്‍ ഹംപ്‌ടി ശര്‍മാ കി ദുല്‍ഹാനിയ എന്ന ചിത്രത്തിനു വേണ്ടി ശ്രേയാ ഘോഷാലിനെയും അരജിത്ത്‌ സിംഗിനെയും കൊണ്ട്‌ ഇതേ ഈണത്തില്‍ പാടിച്ച്‌ അടിച്ചുമാറ്റാന്‍ മിടുക്കരാണ്‌ ബോളീവുഡിലെ പുതിയ തലമുറയുമെന്ന്‌ തെളിയിച്ചു ന്യൂജന്‍ സംഗീത സംവിധായകരായ ഷാരിബ്‌ ടോഷി.


നാളെ അവസാനഭാഗം - പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പ്രചരണഗാനം പോലും അടിച്ചുമാറ്റി!

 

Follow Us:
Download App:
  • android
  • ios