ഏത് പേര് കൊടുക്കണമെന്ന് സംവിധായകനോട് സെൻസർ ബോർഡ് കൽപ്പിക്കുകയാണോ.
കൊച്ചി: ജാനകി സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് നിരവധി ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേര് മതപരമായോ വർഗപരമായോ ആരെയാണ് വേദനിപ്പിക്കുന്നതെന്ന് ചോദിച്ച കോടതി അഹമ്മജ്, രാമൻ, കൃഷ്ണൻ എന്നൊക്കെ മതപരമായ പേരുകളുളള ഒരുപാടുപേർ രാജ്യത്തില്ലേയെന്നും ചോദിച്ചു. ഏത് പേര് കൊടുക്കണമെന്ന് സംവിധായകനോട് സെൻസർ ബോർഡ് കൽപ്പിക്കുകയാണോ. ജാനകി എന്ന പേരിലെന്താണ് കുഴപ്പം. സെൻസർ ബോർഡ് മറുപടി പറയണമെന്നും ഹൈക്കോടതി പറഞ്ഞു. കേസിൽ ഹർജിക്കാരൻ്റെ ഭാഗം കേട്ട കോടതി കേസിൽ വിധി പറയുന്നത് ബുധനാഴ്ച്ചയിലേക്ക് മാറ്റി.
ഇന്ത്യയിൽ 80 ശതമാനം പേരുകളും മതപരമായി ഉള്ളതാണ്. മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിൻ്റെ നാമങ്ങളാണ്. ജാനകിക്ക് എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു. കോടതി സിനിമ കാണണമെന്ന് ഹർജിക്കാരൻ വാദിച്ചു. ജാനകി എന്ന കഥാപാത്രം ഒരു റേപ് വിക്ടിം ആണെന്ന് ഹർജിക്കാരൻ പറഞ്ഞു. റേപ്പിസ്റ്റ് അല്ലല്ലോയെന്ന് ചോദിച്ച കോടതി, നീതിയ്ക്കുവേണ്ടിയുളള പോരാട്ടം അല്ലെ സിനിമയിലെ കഥാതന്തു, പിന്നെ എന്താണ് കുഴപ്പമെന്നും ചോദിച്ചു. ആരുടെ വികാരങ്ങളെയാണ് ഈ പേര് വൃണപ്പെടുത്തുന്നതെന്ന് സെൻസർ ബോർഡ് മറുപടി പറയണം. എന്ത് പേരിടണം എന്ന് സർക്കാരാണോ കലാകാരൻമാരോട് നിർദേശിക്കുന്നതെന്നും കോടതി ചോദിച്ചു. സെൻസർ ബോഡ് അതിന് കൃത്യമായ മറുപടി നൽകണം. ഹർജിയിലെ നടപടികൾ അനന്തമായി നീട്ടാനാകില്ലെന്നും സെൻസർ ബോർഡിനോട് കോടതി ചോദിച്ചു. ജാനകിയെന്ന പേര് നൽകിയതിനെ അഭിനന്ദിച്ച കോടതി ബലാത്സംഗ കേസിലെ ഇരക്കാണ് ആ പേര് നൽകിയതെന്നും പറഞ്ഞു.


