മൈക്കല്‍ ഷാവേസ് ആണ് 'ലാ ലൊറോണ'യുടെ സംവിധായകന്‍. 'കോണ്‍ജറിംഗ് 3' ഒരുക്കുന്നതും ഇദ്ദേഹം തന്നെ.
ഹോളിവുഡിന്റെ സ്‌ക്രീനിലൂടെ ലോകമെങ്ങുമുള്ള സിനിമാപ്രേമികളെ ആരാധകരാക്കിയ സിരീസാണ് 'കോണ്‍ജറിംഗ്'. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി എത്തുകയാണ് 'കോണ്‍ജറിംഗ്' നിര്‍മ്മാതാക്കള്‍. 'ദി കഴ്‌സ് ഓഫ് ലാ ലൊറോണ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പക്ഷേ കോണ്‍ജറിംഗ് യൂണിവേഴ്‌സിന്റെ ഭാഗമല്ല.
മൈക്കല്‍ ഷാവേസ് ആണ് 'ലാ ലൊറോണ'യുടെ സംവിധായകന്‍. 'കോണ്‍ജറിംഗ് 3' ഒരുക്കുന്നതും ഇദ്ദേഹം തന്നെ. 1973ലെ ലോസ് ഏഞ്ചലസിലാണ് 'ലൊറോണ'യുടെ കഥ നടക്കുന്നത്. ലിന്‍ഡ കാര്‍ഡെലിനി അവതരിപ്പിക്കുന്ന വിധവയായ സാമൂഹികപ്രവര്‍ത്തകയാണ് പ്രധാന കഥാപാത്രം. രണ്ട് കുട്ടികളുമുണ്ട് അവര്‍ക്ക്. അവര്‍ അന്വേഷണം നടത്തുന്ന ഒരു കേസിന് സ്വന്തം ജീവിതത്തില്‍ സംഭവിക്കുന്ന ചില അമാനുഷിക ഇടപെടലുമായുള്ള സാമ്യം തിരിച്ചറിയുകയാണ് അവര്‍.
ആ ഇടപെടലാണ് 'ലാ ലൊറോണ'. മെക്‌സിക്കന്‍ നാടോടിക്കഥകളിലുള്ള 'ലൊറോണ' കുട്ടികളെ നഷ്ടപ്പെട്ട സ്ത്രീയുടെ ആത്മാവാണ്. അടുത്തുള്ളവര്‍ക്കൊക്കെ ദൗര്‍ഭാഗ്യം വിതയ്ക്കും ആ സാന്നിധ്യം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ട്രെയ്‌ലര്‍ വ്യാഴാഴ്ച പുറത്തെത്തും.
