എന്നാൽ താൻ അത്തരം ഉപാധികൾ ഉള്ള ലേബലുകളുമായി കരാറിൽ ഏർപ്പെടാറില്ലെന്നാണ് സുഷിൻ ശ്യാം പറയുന്നത്.
പുതിയ റെക്കോർഡ് ലേബലുകൾ പാട്ടിന്റെ അവകാശം വാങ്ങിക്കുമ്പോൾ പാട്ട് എ.ഐ ട്രെയിൻ ചെയ്യാൻ ഉപയോഗിക്കുമെന്ന ക്ലോസ് വെക്കാറുണ്ടെന്ന് വെളിപ്പെടുത്തി സുഷിൻ ശ്യാം. എന്നാൽ താൻ അത്തരം ഉപാധികൾ ഉള്ള ലേബലുകളുമായി കരാറിൽ ഏർപ്പെടാറില്ലെന്നാണ് സുഷിൻ ശ്യാം പറയുന്നത്. ഫ്രണ്ട്ലൈൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുഷിന്റെ പ്രതികരണം.
"പുതിയ റെക്കോര്‍ഡ് ലേബലുകള്‍ പാട്ടിന്റെ അവകാശം വാങ്ങിക്കുമ്പോൾ, പാട്ട് എഐയെ ട്രെയിന്‍ ചെയ്യിക്കാന്‍ ഉപയോഗിക്കുമെന്ന ക്ലോസ് ഇപ്പോൾ വെക്കുന്നുണ്ട്. അത്തരം ഉപാധികള്‍ കാണുമ്പോള്‍ മ്യുസീഷ്യന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും വേദന തോന്നുന്നു. ഉപാധി അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ പാട്ടിന്റെ അവകാശം വേണ്ടെന്ന് അവര്‍ പറയും. ഞാന്‍ അത്തരം ഉപാധികളുള്ളവരുമായി കരാറില്‍ ഏര്‍പ്പെടാറില്ല. എന്നാല്‍, അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത മ്യുസീഷ്യന്മാരുണ്ട്." സുഷിൻ പറഞ്ഞു.
അതേസമയം അമൽ നീരദ് ചിത്രം 'ബോഗെയ്ൻവില്ല' ആയിരുന്നു അവസാനമായി സുഷിൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രം. തുടരെ തുടരെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ സുഷിന്റെ മ്യൂസിക് പുതിയ സിനിമകളുടെ അഭിവാജ്യ ഘടകമായി മാറിയ സമയമായിരുന്നു കഴിഞ്ഞ കുറച്ച് വർഷങ്ങൾ. എന്നാൽ തത്കാലത്തേക്ക് സിനിമ സംഗീതത്തിൽ നിന്നും ഒരു ചെറിയ ഇടവേളയെടുത്തിരിക്കുകയാണ് സുഷിൻ.
എന്നാൽ അതിനിടയിൽ 'റേ' എന്ന മ്യൂസിക് ആൽബവും, തന്റെ ട്രൂപ്പായ ഡൌൺട്രോഡൻസിനൊപ്പം മ്യൂസിക് കൺസെർട്ടുകളും താരം ചെയ്യുന്നുണ്ട്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിനും, മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ' എന്ന ചിത്രത്തിനും സുഷിൻ ആണ് സംഗീതം നിർവഹിക്കുന്നത്.


