മമ്മൂട്ടിയെ ഒരിക്കലും അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സംവിധായകന്‍ എം ബി പത്മകുമാര്‍. ഫേസ്ബുക്കില്‍ നിന്ന് പിന്‍മാറുകയാണെന്നും എം ബി പത്മകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് എം ബി പത്മകുമാര്‍ ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടി സാറിനെപ്പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ, അദ്ദേഹത്തെ ഒരിക്കലും അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ല. മമ്മൂട്ടിയാണ് എനിക്ക് ഒരു സിനിമയില്‍ അവസരം തന്നത് പോലും. ഞാന്‍ ഒരുപാട് ആരാധിക്കുന്ന വ്യക്തിയാണ്. ലോഹിതദാസ് സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമകള്‍ കാണണമെന്ന് ,അതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന്. വിഷ്വല്‍ ഓഫ് ചെയ്ത് കാണാനാണ് പറഞ്ഞിട്ടുള്ളത്. അതിന് കാരണം മമ്മൂട്ടിയുടെ ശബ്‍ദത്തിന്റെ ഗാംഭീര്യമാണ്. വിഷ്വലിനേക്കാള്‍ കൂടുതല്‍ ശബ്ദമാണ് ഒരു നടന് വേണ്ടത്. അത് അറിയണമെങ്കില്‍ മമ്മൂട്ടിയെ കണ്ട് പഠിക്കണം- പത്മകുമാര്‍ പറയുന്നു.

എന്റെ ഒരുപാട് പോസ്റ്റുകള്‍ക്ക് പലരും കമന്റ് എഴുതാറുണ്ട്. എനിക്ക് അസൂയയാണ്. വിജയിക്കാന്‍ കഴിയാത്തതിന്റെ വിഷമമാണ് എന്നൊക്കെയാണ് കമന്റുകൾ. സമൂഹ മാധ്യമങ്ങളുടെ സത്യസന്ധത എനിക്കറിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഇതില്‍ നിന്ന് പിന്മാറുകയാണ്. ജന്മം ഒന്നേയുള്ളു. എന്റെ കാഴ്ചകള്‍ എന്റെ കണ്ണിന് തോന്നുന്നതാണ്. എന്റെ ചിന്തകള്‍ തലച്ചോറിന്റെ പ്രവര്‍ത്തന ഫലമാണ്. എം ബി പത്മകുമാര്‍ പറയുന്നു.