ജിതിൻ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവൽ' മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി വൻ ഹിറ്റിലേക്ക് കുതിക്കുന്നു. മമ്മൂട്ടി, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്.
ഒരു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. അത്തരത്തിൽ പ്രേക്ഷകർ സിനിമ ഏറ്റെടുത്താലോ ആ പടത്തിന്റെ ഭാവി സൂപ്പർ ഹിറ്റായിരിക്കും. അത്തരത്തിൽ വീണ്ടുമൊരു സിനിമ മൗത്ത് പബ്ലിസിറ്റി കൊണ്ടും പ്രേക്ഷക-നിരൂപക പ്രശംസ കൊണ്ടും ഹിറ്റടിച്ചിരിക്കുകയാണ്. അതും വെറും മൂന്ന് ദിവസത്തിൽ. മമ്മൂട്ടി പ്രതിനായകനും വിനായകൻ നായകനായും എത്തിയ കളങ്കാവൽ ആണ് ആ ചിത്രം. ഡിസംബർ 5ന് തിയറ്ററുകളിൽ എത്തിയ കളങ്കാവലിന് മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കണക്കുകൾ പ്രകാരം ഒന്നോ രണ്ടോ ദിവസത്തിൽ 50 കോടി ക്ലബ്ബിൽ മമ്മൂട്ടി പടം എത്തും.
കളങ്കാവൽ മികച്ച ബുക്കിങ്ങുമായി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ഔദ്യോഗിക ബോക്സ് ഓഫീസ് കണക്ക് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. വെറും മൂന്ന് ദിവസത്തിൽ 44.15 കോടിയുടെ കളക്ഷനാണ് കളങ്കാവൽ ആഗോള തലത്തില്‍ നേടിയിരിക്കുന്നത്. ഇനി വെറും 6 കോടി കൂടി ലഭിച്ചാൽ 50 കോടി ക്ലബ്ബിൽ ചിത്രം എത്തും. ഇന്നോ നാളയോ കൂടി അത് യാഥാർത്ഥ്യമാകും. കേരളത്തിന് പുറത്തും കളങ്കാവലിന് മികച്ച കളക്ഷൻ ലഭിക്കുന്നുണ്ട്. ഒപ്പം ജിസിസിയിലും. അതേസമയം, മികച്ച ബുക്കിംഗ് ആണ് കളങ്കാവലിന് ലഭിക്കുന്നത്. രണ്ട് ദിവസങ്ങൾ തെരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിയാണ്. അതുകൊണ്ട് തന്നെ വലിയൊരു കളക്ഷൻ ഈ ദിവസങ്ങളിൽ സിനിമയ്ക്ക് ലഭിക്കുമെന്നും വിലയിരുത്തലുണ്ട്.
ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. വിനായകനും മമ്മൂട്ടിക്കുമൊപ്പം 22 നായികമാരും ചിത്രത്തിൽ എത്തുന്നുണ്ട്. പടത്തെ പോലെ തന്നെ ഗാനങ്ങളും പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. മമ്മൂട്ടി കമ്പനി നിർമിച്ച ഏഴാമത്തെ സിനിമ കൂടിയാണ് കളങ്കാവൽ. ദുൽഖർ സൽമാന്റെ വെഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.



