സീരിയൽ താരം ആൻ മരിയ തന്‍റെ രണ്ട് വിവാഹബന്ധങ്ങളും വേർപിരിഞ്ഞതിനെ തുടർന്ന് നേരിടുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറയുന്നു

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമ, സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. വെൽക്കം ടു സെൻട്രൽ ജയിൽ, മാസ്ക്, അയാൾ ജീവിച്ചിരിപ്പുണ്ട് തുടങ്ങിയ സിനിമകളിലും ചില വെബ് സീരീസുകളിലും ആൻമരിയ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഫുഡ് വ്ലോഗറും ട്രാവൽ കണ്ടന്റ് ക്രിയേറ്ററുമായ ഷാൻ ജിയോയുമായുള്ള ദാമ്പത്യം താരം അവസാനിപ്പിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ വിവാഹത്തിൽ ഒരു മകളും ആൻ മരിയയ്ക്കുണ്ട്. രണ്ടു വിവാഹബന്ധങ്ങളും ഡിവോഴ്സ് ആയതിനെത്തുടർന്ന് താൻ അനുഭവിക്കുന്ന സൈബർ ബുള്ളിയിങ്ങിനെക്കുറിച്ചാണ് ആൻമരിയ പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.

''എന്റെ അവസ്ഥയിലൂടെ കടന്നുപോയ വ്യക്തികൾക്ക് മാത്രമെ എന്നെ മനസിലാക്കാൻ പറ്റു. സമൂഹം പറയുന്നത് പറയട്ടെ. ഒന്ന് കെട്ടിയാലും രണ്ട് കെട്ടിയാലും അത് എന്റെ പേഴ്സണൽ ലൈഫാണ്. അതുവെച്ച് വിമർശിക്കാനോ താരതമ്യപ്പെടുത്താനോ ആരും വരേണ്ട ആവശ്യമില്ല. ഞാൻ എങ്ങനെയാണെന്ന് എന്റെ അമ്മയ്ക്കും മോൾക്കും അറിയാം. അതു മതി. ‌ഫേക്ക് ഐഡിയിൽ നിന്നാണ് കൂടുതലും കമന്റുകൾ. അതും മനപൂർവം ഇടുന്നത്. അത് വായിക്കുമ്പോൾ തോന്നും എന്റെ പങ്കാളികളായി മുൻപ് നിന്നവരാണോ, എനിക്കൊപ്പം ഉണ്ടായിരുന്നവരാണോ ഇതൊക്കെ ഇടുന്നതെന്ന്.

തകർന്നുപോകുന്ന കമന്റ്സ് വരെ വരാറുണ്ട്. മോളാണ് അപ്പോഴും എന്റെ ശക്തി. ചിലപ്പോഴൊക്കെ പ്രതികരിക്കാൻ തോന്നും. അപ്പോഴും മോൾ പറയും അത് വേണ്ടെന്ന്. എനിക്ക് കിട്ടിയ ഭാഗ്യം സപ്പോർട്ടീവായ അമ്മയാണ്. സഹിച്ചു നിൽക്കാൻ അമ്മ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ വേറൊരു അതുല്യയോ വിസ്മയയോ ആയേനെ'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ആൻമരിയ പറഞ്ഞു.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്