വാർത്തക്കു താഴെ വന്ന ചില കമന്റുകൾ കണ്ട് സങ്കടം തോന്നിയെന്നും ആര്യ പറയുന്നു.

നടിയും അവതാരകയുമായ ആര്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ കാഞ്ചീവരത്തിന്റെ പേരിൽ തട്ടിപ്പ്. കാഞ്ചീവരത്തിന്റെ വ്യാജ ഇൻസ്റ്റഗ്രാം പേജ് ഉപയോഗിച്ചും വ്യാജ ക്യൂആർ കോഡും വീഡിയോ നിർമിച്ചുമാണ്‌ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. മുൻപും സമൂഹമാധ്യമങ്ങളിലൂടെ ആര്യ ഇക്കാര്യം അറിയിക്കുകയും ആരും ഈ തട്ടിപ്പിൽ അകപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും ഇക്കാര്യം തന്നെയാണ് താരം ആവർത്തിക്കുന്നത്.

''നമ്മുടെ ബ്രാൻഡുമായി കണക്ട് ചെയ്ത് നടക്കുന്ന വലിയൊരു തട്ടിപ്പുണ്ട്. ഈ തട്ടിപ്പ് തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി. കഴിഞ്ഞ മെയ് മാസത്തിലാണ് ഞങ്ങൾ ആദ്യത്തെ കേസ് കണ്ടുപിടിക്കുന്നത്. ഈ തട്ടിപ്പിൽ കുറേ ആളുകൾ പെട്ടുപോയി. കുറേ പേർക്ക് പണം നഷ്ടമായി. ഇപ്പോഴാണ് അത് മീഡിയ റിപ്പോർട്ട് ചെയ്യുന്നതും കൂടുതൽ ആളുകളിലേക്ക് എത്തുന്നതും. ഇങ്ങനെയൊരു തട്ടിപ്പ് നടക്കുന്നുണ്ട് എന്നറിഞ്ഞ് ചാനലുകാർ ഞങ്ങളുടെ ഓഫീസിലേക്ക് എത്തിയതിലും ഞങ്ങളോട് വിവരങ്ങൾ അന്വേഷിച്ചതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്'', ആര്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞു.

പക്ഷേ ചാനലുകാർ റിപ്പോർട്ട് ചെയ്ത വാർത്തക്കു താഴെ വന്ന ചില കമന്റുകൾ കണ്ട് സങ്കടം തോന്നിയെന്നും ആര്യ പറയുന്നു. ചുളുവില്ലാതെ പരസ്യം കിട്ടിയല്ലോ എന്നും ചെലവില്ലാതെ ഇങ്ങനെയും പരസ്യം ചെയ്യാമല്ലോ എന്ന രീതിയിലും വീഡിയോയ്ക്കു താഴെ കമന്റുകൾ‌ പ്രത്യക്ഷപ്പെട്ടിരുന്നു. ''സുഹൃത്തുക്കളാണ് എനിക്ക് വീഡിയോ അയച്ചു തന്നത്. തട്ടിപ്പിന് ഇരകളായ ആരുടെയങ്കിലും കമന്റ് ഉണ്ടോ എന്നറിയാനാണ് കമന്റ് സെക്ഷൻ നോക്കിയത്. പക്ഷേ, ചില കമന്റുകൾ കണ്ട് സങ്കടം തോന്നി. പൈസ പോയാലും സാരമില്ലായിരുന്നു എന്നു വരെ തോന്നിപ്പോയി'', എന്ന് ആര്യ കൂട്ടിച്ചേർത്തു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്